തമിഴ്‌നാടുമായി ഉണ്ടാക്കിയ നദീജല കരാറുകള്‍ പുനപ്പരിശോധിക്കണം: ആഭ്യന്തരമന്ത്രി

കൊച്ചി: തമിഴ്‌നാടുമായുള്ള കേരളത്തിന്റെ എല്ലാ നദീജല കരാറുകളും പുനപ്പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ അമിതമായി ജലം ലഭിച്ചിരുന്നപ്പോള്‍ ഉണ്ടാക്കിയ കരാറുകള്‍ പുനപ്പരിശോധിക്കണം. തമിഴ്‌നാടിന് വെള്ളം കൊടുക്കേണ്ട എന്ന നിലപാട് തനിക്കില്ല. പക്ഷെ സംസ്ഥാനത്തിന്റെ ആവശ്യം കണക്കിലെടുക്കണമെന്നും ദൗര്‍ലഭ്യം അതീവ ഗുരുതരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ആലുവ എഫ്ബിഒഎ ഓഡിറ്റോറിയത്തില്‍ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
നദീജല സംരക്ഷണത്തില്‍ കേരളം ഏറ്റവും പിറകിലാണ്. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തണം. കാവ്, കുളങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കണം. വിദേശ രാജ്യങ്ങളില്‍ വെള്ളം റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്നത് കേരളവും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂഗര്‍ഭ ജലത്തിന്റെ അമിതമായ ചൂഷണം വരും തലമുറയെ ദോഷകരമായി ബാധിക്കുമെന്നും പ്രകൃതി ജലവിഭവം സംരക്ഷിച്ചില്ലെങ്കില്‍ സംസ്ഥാനം കൊടും വരള്‍ച്ചയിലാവുമെന്നും ചെന്നിത്തല ഓര്‍മ്മപ്പെടുത്തി. ജല അതോറിറ്റി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും കുടിശ്ശിക പിരിച്ചെടുക്കാന്‍ അടിയന്തര പദ്ധതികള്‍ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it