തമിഴ്‌നാടിനു വേണ്ടി നദീസംയോജനം: സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാവും

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദിയിലൂടെ കേരളത്തില്‍ നിന്നു വെള്ളം കൊണ്ടുപോവാനുള്ള പമ്പ-അച്ചന്‍കോവില്‍ നദീസംയോജന പദ്ധതി സംസ്ഥാനത്ത് രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 2558 കോടിയുടെ ബൃഹദ് പദ്ധതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയെ കണ്ടതോടെ നദീസംയോജന ചര്‍ച്ചകള്‍ക്ക് ആക്കംകൂടിയിട്ടുണ്ട്.ജയലളിതയുടെ 29 ആവശ്യങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു നദീസംയോജന പദ്ധതി. പദ്ധതി യാഥാര്‍ഥ്യമായാല്‍ 750 മില്യണ്‍ ക്യൂബിക് മീറ്റര്‍ (എംസിഎം) ജലമാണ് കേരളത്തിനു നഷ്ടമാവുക. ഇതോടെ നദികളിലെ നീരൊഴുക്കു കുറഞ്ഞ് കേരളത്തിലെ മൂന്നു ജില്ലകളില്‍ ജലക്ഷാമം രൂക്ഷമാവാനും വന്‍തോതില്‍ കൃഷിനാശമുണ്ടാവാനും ഇടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പമ്പാ നദിയില്‍ 150 മീറ്റര്‍ ഉയരത്തില്‍ പുണമേട്ടില്‍ അണകെട്ടി 500 മെട്രിക് വാട്‌സ് വൈദ്യുതിയും അച്ചന്‍കോവില്‍ നദിയില്‍ 160 മീറ്റര്‍ ഉയരത്തില്‍ അണകെട്ടി 8.3 മെട്രിക് വാട്‌സ് വൈദ്യുതിയും ഉല്‍പാദിപ്പിക്കാനും പദ്ധതി നിര്‍ദേശിക്കുന്നു. പദ്ധതിയെ സംബന്ധിച്ച് സുപ്രിംകോടതിയില്‍ നടന്ന ചര്‍ച്ചകളിലും വിദഗ്ധര്‍ നടത്തിയ ചര്‍ച്ചകളിലും എല്ലാ നദീസംയോജനങ്ങളും വന്‍ പരാജയമാണെന്നു കണ്ടെത്തിയിട്ടുണ്ട്. വേനല്‍ക്കാലങ്ങളില്‍ വരള്‍ച്ച രൂക്ഷമാവുന്ന കേരളത്തില്‍ നദീസംയോജന പദ്ധതി വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. പമ്പ-അച്ചന്‍കോവില്‍ നദികളില്‍ നിന്ന് വെള്ളം കൊണ്ടുപോവുന്നത് അതിന്റെ ഇരു കരകളിലും ജീവിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്കു തീരാനഷ്ടമാവും. പമ്പ, അച്ചന്‍കോവില്‍ നദികളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന മധ്യതിരുവിതാംകൂറിലെ കുടിവെള്ള പദ്ധതികളാകെ അവതാളത്തിലാവും. കൃഷിനാശത്തിനും ജൈവ വൈവിധ്യം നഷ്ടപ്പെടലിനും ഇടയാക്കും. കുട്ടനാട്ടിലെ കാര്‍ഷിക മേഖലയെയും സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടനാടന്‍ കായലുകളില്‍ ഉപ്പിന്റെ അംശം കുറച്ച് കൃഷിയോഗ്യമാക്കുന്നതും നദികളുടെ പ്രധാന സംഭാവനയാണ്. നദീസംയോജന പദ്ധതി കേരളത്തെ ഏറെ ദോഷകരമായി ബാധിക്കുന്നതായിട്ടും രാഷ്ട്രീയ നേതൃത്വം പ്രതിഷേധം പ്രസ്താവനകളില്‍ ഒതുക്കുകയാണ്. മുല്ലപ്പെരിയാര്‍ പദ്ധതിയില്‍ കേരളത്തിനു ദുരനുഭവമുണ്ടായിട്ടും ഇതില്‍ കാര്യക്ഷമായി ശാസ്ത്രീയ പഠനം നടത്താന്‍ പോലും കേരളം തയ്യാറാവുന്നില്ല. കേരളവും തമിഴ്‌നാടും തമ്മില്‍ നിരവധി നദീജല കരാറുകള്‍ ഉണ്ട്. ഇവയെല്ലാം തന്നെ ഇപ്പോള്‍ കാലഹരണപ്പെട്ടിരിക്കുന്നു. അവ പുതുക്കാന്‍ യാതൊരു ശ്രമവും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ഇതിന്റെ ഫലമായാണ് യാതൊരു നിയന്ത്രണവുമില്ലാതെ തമിഴ്‌നാട് ചാലക്കുടിപ്പുഴയില്‍ നിന്നും ഭവാനിപ്പുഴയില്‍ നിന്നും പെരിയാറ്റില്‍ നിന്നും വെള്ളം കൊണ്ടുപോവുന്നത്. കാപ്ഷന്‍-
Next Story

RELATED STORIES

Share it