തമിഴക നാല്‍ക്കവലയില്‍ ബിജെപി

എസ് എ എം ഹുസയ്ന്‍

അഞ്ചു സംസ്ഥാനങ്ങളിലേക്കു നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെയെത്തിക്കഴിഞ്ഞു. സകല രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ആവേശത്തോടൊപ്പം ആശങ്കയുമുണ്ട്. ബിജെപിയുടെ അങ്കലാപ്പ് വേറിട്ടുനില്‍ക്കുന്നു. കേന്ദ്രം ഭരിക്കുന്ന വന്‍ശക്തിയെന്ന പ്രഭാവത്തിനു മങ്ങലേല്‍ക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരിക്കുന്നത് സ്വാഭാവികം. പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ മറികടക്കാന്‍ അടുത്തകാലത്തൊന്നും ബിജെപിക്കു കഴിയുമെന്നു തോന്നുന്നില്ല. അതിനാല്‍ കേരളം പോലെ തമിഴ്‌നാടും ബിജെപിക്ക് ഒരു വെല്ലുവിളിയായി മുമ്പിലുണ്ട്.
തമിഴ്‌നാട്ടില്‍ രാഷ്ട്രീയ മണ്ഡലമാകെ ഒരവിയല്‍ പരുവത്തിലാണ് ഇപ്പോള്‍. എല്ലാവരും ഒറ്റയ്ക്കുതന്നെ അവരുടെ വ്യക്തിപ്രഭാവം കാണിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ, ജയിക്കാന്‍ കൂട്ടിനു മറ്റുള്ള കക്ഷികളും വേണമെന്നാണു സ്ഥിതി. തമിഴകത്ത് കേരളത്തേക്കാള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ എണ്ണം ഏറെയാണ്. ജാതി, വംശീയ, പ്രാദേശികാടിസ്ഥാനങ്ങളിലാണ് പാര്‍ട്ടികളും നേതാക്കളും. ദ്രാവിഡ മുന്നേറ്റ കഴകം, അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, ദ്രാവിഡ കഴകം, മക്കള്‍ ദ്രാവിഡ കഴകം, ദേശീയ ദ്രാവിഡ മുന്നേറ്റ കഴകം, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, തമിഴ് മാനില കോണ്‍ഗ്രസ്, ബിജെപി, സിപിഐ, സിപിഎം, എസ്ഡിപിഐ, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്, ഐഎന്‍എല്‍, വിടുതലൈ ശിരുത്തൈ, ഫോര്‍വേഡ് ബ്ലോക്ക്, പാട്ടാളി മക്കള്‍ കക്ഷി, എംഎംകെ ഇങ്ങനെ പേരുകള്‍ നീണ്ടു പോവുന്നു. ഏകകക്ഷി ശക്തിപ്രകടനം കാഴ്ചവയ്ക്കാന്‍ ഡിഎംകെയും എഡിഎംകെയും മാത്രമേയുള്ളൂ. അതിലും കൂട്ടുകക്ഷിയില്ലാതെ പിടിച്ചുനില്‍ക്കാന്‍ എ എഎംകെ മാത്രമുള്ളൂ. ഇപ്പോള്‍ എംഎംകെക്ക് കൂട്ടുകക്ഷികളുടെ സഹായമില്ലാതെ വിജയിക്കാന്‍ പ്രയാസമാണ്.
ഇങ്ങനെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ചുറ്റുപാടിലാണ് ബിജെപി തമിഴ്‌നാട്ടില്‍ അക്കൗണ്ട് തുറന്നേ പറ്റൂ എന്നാശവച്ചിരിക്കുന്നത്. പൊതുവെ തമിഴക രാഷ്ട്രീയത്തില്‍ മോദി മാജിക്കൊന്നും ഏശില്ല. ദ്രാവിഡ യുക്തിവാദത്തിന്റെ താത്വികാചാര്യനായ ഇ വി രാമസ്വാമി പെരിയാറിന്റെ സ്വാധീനം ഇപ്പോഴും വേരോടി നില്‍ക്കുന്നുണ്ട് ഈ മണ്ണില്‍. അദ്ദേഹം പ്രബോധനം ചെയ്ത സവര്‍ണ വിരുദ്ധാശയങ്ങളും ഹിന്ദിവിരുദ്ധ മനോഭാവവും ജയലളിതയും കരുണാനിധിയുമൊക്കെ ഉണ്ടായിട്ടും മങ്ങലേല്‍ക്കാതെ തന്നെ നിലനില്‍ക്കുന്നുണ്ട്. രജനീകാന്തിനു വരെ അതു തകര്‍ക്കാന്‍ പറ്റിയിട്ടില്ല. ആര്‍എസ്എസിനെയും ബിജെപിയെയും പൂര്‍ണമായി വിശ്വസിക്കാന്‍ തമിഴ് ജനതയ്ക്കായിട്ടില്ല. സവര്‍ണ ഹിന്ദു സന്യാസ മഠങ്ങളും സവര്‍ണ കുത്തക പത്ര-ദൃശ്യമാധ്യമങ്ങളുമാണ് ബിജെപിയെ തമിഴകത്തില്‍ പൊലിപ്പിച്ചു കാണിക്കുന്നത്. നേതാക്കളില്‍ പലരും സ്ഥാനമോഹികളും ധനമോഹികളുമാണ്. പണവും അധികാരവുമല്ലാതെ പ്രസ്ഥാന സ്‌നേഹമൊന്നുമില്ലാത്തവരാണവര്‍.
തമിഴ്‌നാട്ടില്‍ 1994ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പല്‍ ബിജെപിക്ക് ലഭിച്ചതു രണ്ടു ശതമാനം വോട്ട് മാത്രമായിരുന്നു. മോദി ഇമേജില്‍ ആശയര്‍പ്പിച്ചാണ് ബിജെപി രംഗത്തെത്തിയതെങ്കിലും അതിനു തമിഴ്‌നാട്ടില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സത്യത്തില്‍ ബിജെപിയുടെ ബലവും ബലഹീനതയുമാണ്. കേന്ദ്രത്തില്‍ വിജയക്കൊടി നാട്ടി മോദി അനന്തശയ്യയില്‍ കിടക്കുമ്പോഴാണ് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടികിട്ടി തുടങ്ങിയത്. യുപി തദ്ദേശ തിരഞ്ഞെടുപ്പിലും ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റു. മഹാരാഷ്ട്രയില്‍ ഒറ്റപ്പാര്‍ട്ടി ഭരണമെന്ന അതിമോഹം നടന്നില്ല. ഇപ്പോഴത്തെ സര്‍വേയില്‍ അരശതമാനത്തിലും കുറവാണ് ജനപിന്തുണയില്‍ വര്‍ധന. അതായത് 2.02 ശതമാനം. കിട്ടാവുന്നത്ര സീറ്റുകള്‍ പിടിച്ചെടുക്കുകയെന്ന തന്ത്രമാണ് ബിജെപി തമിഴ്‌നാട്ടിലും കേരളത്തിലും പയറ്റുന്നത്.
ഇതിനു മുമ്പ് തമിഴക നിയമസഭയില്‍ ബിജെപി ഇടംപിടിച്ചിട്ടുള്ള കാര്യം മറന്നുകൂടാ. ജയലളിതയുടെ ദയാദാക്ഷിണ്യംകൊണ്ടു മാത്രമാണ് അതു സാധിച്ചത്. 1999ല്‍ പത്മനാഭപുരം മണ്ഡലത്തില്‍ നിന്നു സി വേലായുധമായിരുന്നു ആദ്യത്തെ വിജയി. പിന്നീട് 2001ല്‍ നാല് എംഎല്‍എമാരെ കയറ്റി വിടാന്‍ കഴിഞ്ഞു. പക്ഷേ, 2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തമിഴകത്തും പോണ്ടിച്ചേരിയിലും ഒരൊറ്റ സീറ്റു പോലും കിട്ടിയില്ല. പിന്നീട് സഖ്യമൊന്നും വേണ്ടെന്നു തീരുമാനിച്ചു 2009ല്‍ ലോക്‌സഭയിലേക്കും 2011ല്‍ നിയമസഭയിലേക്കും ഒറ്റയ്ക്കായിരുന്നു മല്‍സരിച്ചത്. അതിന്റെ ഫലമെന്തെന്നു നാം കണ്ടു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പുതിയതായി ഒരു മുന്നണി രൂപപ്പെടുത്തിയിരുന്നു. ദേശീയ ദ്രാവിഡ മുന്നേറ്റ കക്ഷിയുടെ സിനിമാനടന്‍ വിജയകാന്തും മുന്‍ കേന്ദ്രമന്ത്രിയായിരുന്ന പാട്ടാളി മക്കള്‍ കക്ഷിയുടെ അന്‍പുമണിയുമായിരുന്നു സഖ്യകക്ഷികള്‍. അതില്‍ അന്‍പുമണിയും പൊന്‍ രാധാകൃഷ്ണനും വിജയിച്ചു. വിജയകാന്തിന് ഒരു സീറ്റും കിട്ടിയില്ല. പൊന്‍ രാധാകൃഷ്ണന്‍ കഷ്ടിച്ചു രക്ഷപ്പെട്ടുവെന്നു മാത്രം. ഇതാ ഇപ്പോള്‍ അവര്‍ രണ്ടുപേരും ബിജെപി മുന്നണിയില്‍നിന്നു പുറത്തുപോവുകയും ചെയ്തു. പുതിയ കൂട്ടുകെട്ടുകള്‍ക്കായി ഓരോ പാര്‍ട്ടിയുടെയും വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന, കേന്ദ്ര നേതാക്കള്‍. ഉറപ്പുള്ള ഒരു വോട്ട് ബാങ്കോ മത, ജാതി വംശീയതകളോ നാളിതുവരെ തമിഴ്‌നാട്ടില്‍ ബിജെപിക്ക് സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് മറ്റു പാര്‍ട്ടികളില്‍ ബഹുവിധ ധ്രുവീകരണ പ്രക്രിയകള്‍ നടത്തി വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കി കുറച്ചു സീറ്റ് നേടുക എന്നതു മാത്രമാണിപ്പോള്‍ ലക്ഷ്യം. പാലം കടന്നുകിട്ടിയാല്‍ പിന്നെ കൂരായണ എന്ന ബിജെപിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കാരണമുണ്ടായ ദുര്‍ഗതിയാണത്.
ബിജെപി തമിഴകത്ത് നിശ്ചലമാണ്. ജനകീയ ശ്രദ്ധ നേടുന്ന ഒരു സമരവും അവര്‍ നടത്തിയിട്ടില്ല. ഭരണകക്ഷിയായ എഡിഎംകെയുടെ അയ്യങ്കാര്‍ തലൈവി ജയലളിതയെ താലോലിക്കുന്ന നയമാണവര്‍ കൈക്കൊള്ളുന്നത്. ഭാവിയില്‍ ജയലളിതയുടെ സഖ്യം കാംക്ഷിച്ചാണിതൊക്കെ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.
ഇതിന്റെ രഹസ്യം മറ്റൊന്നുമല്ല. എഡിഎംകെയുടെ കൈയില്‍ 40 എംപിമാരാണുള്ളത്. മോദിക്ക് ബില്ലുകള്‍ പാസാക്കാന്‍ ഇവരുടെ വോട്ട് വേണം. അതുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ വീട്ടില്‍ ചെന്നു കാണുകയും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയും സഹായമഭ്യര്‍ഥിക്കുകയും ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി വാജ്‌പേയി പോലും ഇത്തരമൊരു നീക്കം നടത്തിയിരുന്നില്ല.
ജയലളിത സഹായിച്ചില്ലെങ്കില്‍ അടുത്തത് പഴയ സ്‌നേഹിതന്മാരായ വിജയകാന്ത്, അന്‍പുമണി, വൈക്കോ എന്നിവരെ കിട്ടുമോ എന്നായിരിക്കും ശ്രമം. വന്‍ വാഗ്ദാനങ്ങളും പ്രീണനവുമാണ് പിന്നില്‍. മാതാ അമൃതാനന്ദമയി, രവിശങ്കര്‍, കാഞ്ചി മഠാധിപതി, സിനിമാനടന്‍ രജനീകാന്ത് എന്നിങ്ങനെ പോവുന്നു ബിജെപിക്കായി മണ്ടി നടക്കുന്നവരുടെ പട്ടിക.
സ്വത്ത് കേസില്‍ ജയലളിതയ്ക്കു ബിജെപിയുടെ സഹായം വേണം. തിരഞ്ഞെടുപ്പ് സഖ്യത്തിനു ജയലളിതയുടെ സഹായം ബിജെപിക്കും വേണം. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ തന്ത്രങ്ങള്‍ ഉരുത്തിരിയുന്നത്. തനിക്കു നേരെ കടന്നാക്രമിച്ച ബിജെപി എംപിയായ സുബ്രഹ്മണ്യന്‍ സ്വാമിയെ പിടിച്ചുകെട്ടേണ്ടത് ജയലളിതയ്ക്ക് ആവശ്യമാണ്. മതിലില്‍ നില്‍ക്കുന്ന പൂച്ചയോടാണ് ബിജെപിയെ ഉപമിക്കേണ്ടത്. ആരെ സ്വീകരിക്കണമെന്നും ആരെ കൂട്ടണമെന്നും ഒരു പിടിയും കിട്ടാതെ ഇരുട്ടില്‍ തപ്പുകയാണവര്‍. ഈ പ്രാവശ്യവും എഡിഎംകെ ഒറ്റയ്ക്കായിരിക്കും മല്‍സരിക്കുകയെന്ന് ഏറക്കുറേ ഉറപ്പായിട്ടുണ്ട്. അതല്ല കൂട്ടുകക്ഷികള്‍ക്കു വേണ്ടിവന്നാല്‍ മൂന്നോ നാലോ സീറ്റുകള്‍ മാത്രമേ ജയലളിത നല്‍കാന്‍ ഒരുങ്ങുകയുള്ളൂവെന്നാണ് അണിയറ വാര്‍ത്തകള്‍ പറയുന്നത്.
മധുര ജില്ലയിലെ തേവര്‍, നാടാര്‍ സമുദായങ്ങളെ പാട്ടിലാക്കാന്‍ ജല്ലിക്കെട്ടെന്ന കാളപിടിത്ത മല്‍സരത്തിനു ബിജെപി സൂത്രത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുവാദം വാങ്ങിക്കൊടുത്തുവെങ്കിലും സുപ്രിംകോടതി അതു തടഞ്ഞപ്പോള്‍ വെളുക്കാന്‍ തേച്ചതു പാണ്ടായി. വേണ്ട ഉപദേശങ്ങള്‍ തമിഴകത്ത് നല്‍കിവന്നത് മുന്‍ തുഗ്ലക് പത്രാധിപര്‍ ചോ രാമസ്വാമിയായിരുന്നു. അദ്ദേഹം കിടപ്പിലായപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് ആര്‍എസ്എസ് സൈദ്ധാന്തികനായ എസ് ഗുരുമൂര്‍ത്തിയാണ്. തേവര്‍ സമുദായ നേതാവായ മുത്തുരാമ ലിംഗ തേവരുടെയും അംബേദ്കറുടെയും ജന്മദിനാഘോഷങ്ങള്‍ ബിജെപിയും ആര്‍എസ്എസും സംഘടിപ്പിച്ചത് പിന്നില്‍ പിന്നാക്ക ഹിന്ദുക്കളുടെയും ദലിത് സമുദായത്തിന്റെയും വോട്ട് ബാങ്കില്‍ കണ്ണുവച്ചായിരുന്നു.
ചുരുക്കത്തില്‍ തമിഴകത്ത് ആരുമായും കൂട്ടുചേരാന്‍ കഴിയാതെ ബിജെപി, വിഭ്രാന്തിയോടുകൂടി രാഷ്ട്രീയ നാല്‍ക്കവലയില്‍ നില്‍ക്കുകയാണ്. സവര്‍ണ ഹിന്ദുത്വ നേതൃത്വത്തിന്റെ കീഴിലാണ് തമിഴ്‌നാട് ബിജെപി പ്രവര്‍ത്തിച്ചുവരുന്നത്. ഉത്തരേന്ത്യന്‍ മേല്‍ജാതി പാര്‍ട്ടിയെന്ന ലേബല്‍ മാറ്റാന്‍ കഴിഞ്ഞിട്ടുമില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യം തീരെയില്ലതാനും.
Next Story

RELATED STORIES

Share it