തമിഴകത്ത് വിജയകാന്താണു താരം

ചെന്നൈ: അഭ്രപാളിയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ക്യാപ്റ്റന്‍ വിജയകാന്താണ് തമിഴകത്ത് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെല്ലാം വിജയകാന്തിന്റെ ഡിഎംഡികെ (ദേശീയ മുര്‍പോക്കു ദ്രാവിഡ കഴകം) യെ കൂടെ കൂട്ടണം. ദ്രാവിഡ രാഷ്ട്രീയക്കളരിയില്‍ ഏറെക്കാലത്തെ പരിചയസമ്പത്തില്ലെങ്കിലും കരുണാനിധിയുടെ ഡിഎംകെ, ജയലളിതയുടെ അണ്ണാഡിഎംകെ എന്നീ കക്ഷികള്‍ക്കു തൊട്ടുപിന്നില്‍ മൂന്നാംസ്ഥാനത്താണ് ഡിഎംഡികെ.
തമിഴകത്ത് വേരുപിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയാണ് ഒരു മുഴം മുമ്പേ എറിഞ്ഞത്. വിജയകാന്തുമായി രണ്ടുതവണ ചര്‍ച്ച നടത്തി അവര്‍. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ നേരിട്ടെത്തി സഖ്യസാധ്യത ആരാഞ്ഞെങ്കിലും മനസ്സ് തുറന്നിട്ടില്ല താരം. വിജയകാന്തും കൂട്ടരും ഇപ്പോള്‍ ഡല്‍ഹിയില്‍ തമ്പടിക്കുന്നതിന്റെ രഹസ്യം പിടികിട്ടിയിട്ടില്ലെങ്കിലും ബിജെപിയും കോണ്‍ഗ്രസ്സും ഒരുപേലെ പ്രതീക്ഷയിലാണ്.
എന്നാല്‍ അധികാരം തിരിച്ചുപിടിക്കാന്‍ പതിനെട്ടടവും പയറ്റുന്ന കരുണാനിധി, മകന്‍ സ്റ്റാലിനെ വിട്ട് വിജയകാന്തുമായി ചര്‍ച്ചനടത്തിയിരുന്നു. ദലിതരുടെ വിസികെ, ഇടതു പാര്‍ട്ടികള്‍ എന്നിവരുമായി സഖ്യമുണ്ടാക്കിയ വൈകോയുടെ എംഡിഎംകെയും വിജയകാന്തിനെ കൂടെ ചേര്‍ക്കാനുള്ള ശ്രമത്തിലാണ്. അതിനിടെ വിജയകാന്ത് ഡിഎംകെയോടൊപ്പം ചേരുമെന്ന് കഴിഞ്ഞദിവസം കരുണാനിധി പറഞ്ഞത് വൈകോയെ നിരാശനാക്കിയിട്ടുണ്ട്.
ബിജെപിക്കോ വൈകോയുടെ സഖ്യത്തിനോ അണ്ണാഡിഎംകെയുമായി എതിരിടാന്‍ സാധിക്കാത്തതിനാല്‍ വിജയകാന്ത് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കാനാണു സാധ്യതയെന്നാണ് റിപോര്‍ട്ടുകള്‍.
2006ല്‍ ഡിഎംഡികെ ആദ്യം തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മൊത്തം രേഖപ്പെടുത്തിയതിന്റെ 10 ശതമാനം വോട്ട് പെട്ടിയിലാക്കിയിരുന്നു. 2009ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റിലും മല്‍സരിച്ച് 10.3 ശതമാനം വോട്ട് നേടി കരുത്ത് തെളിയിക്കുകയും ചെയ്തു. പുതിയ പാര്‍ട്ടിക്ക് തുടര്‍ച്ചയായി മുന്നേറ്റം നടത്താനാവുക എന്നത് തമിഴകത്ത് ചെറിയ കാര്യമല്ല. ഇവരെ കൂടെക്കൂട്ടുന്നതു ഗുണംചെയ്യുമെന്നു മനസ്സിലാക്കിയ ജയലളിത 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കി അധികാരത്തിലെത്തി. 29 സീറ്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ച ഡിഎംഡികെ പക്ഷേ, ജയലളിതയുമായി ഉടക്കി പ്രതിപക്ഷത്തിരിക്കുകയായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഡിഎംകെ കോണ്‍ഗ്രസ്സിനൊപ്പം എംഡിഎംകെയും സഖ്യത്തിലെടുക്കാന്‍ കരുക്കള്‍ നീക്കുന്നത്.
Next Story

RELATED STORIES

Share it