തമിഴകത്ത് അടിത്തറ നഷ്ടമാവുന്ന ജാതിപാര്‍ട്ടികള്‍

തമിഴകത്ത് അടിത്തറ  നഷ്ടമാവുന്ന ജാതിപാര്‍ട്ടികള്‍
X
MGR

ചെന്നൈ: തമിഴ്‌നാട്ടില്‍ ജാതി കേന്ദ്രീകൃത പാര്‍ട്ടികള്‍ക്ക് അടിത്തറ നഷ്ടപ്പെടുന്നു. വില്ലുപുരം, വെല്ലൂര്‍, തിരുവണ്ണാമലൈ, ധര്‍മപുരി, സേലം, കൃഷ്ണഗിരി ജില്ലകളിലെ 50 മണ്ഡലങ്ങളായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക. വണ്ണിയര്‍, ദലിത് വിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയില്‍ അവരുടെ പിന്തുണ നേടുന്ന അണ്ണാഡിഎംകെക്കാണ് മേല്‍ക്കൈ. എന്നാല്‍, ഇത്തവണ വണ്ണിയര്‍ ആരെ പിന്തുണയ്ക്കുമെന്നത് ഇതേവരെ വ്യക്തമല്ല. തമിഴ് ജനസംഖ്യയുടെ 40 ശതമാനത്തോളംവരുന്ന വണ്ണിയര്‍ നാളിതുവരെ സ്വന്തം സമുദായത്തില്‍പ്പെട്ടവരെയാണു തിരഞ്ഞെടുത്തിട്ടുള്ളത്.
2001 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ വണ്ണിയര്‍ ആധിപത്യമുള്ള പട്ടാളിമക്കള്‍ കക്ഷിയും (പിഎംകെ) ദലിതുകളുടെ വിടുതലൈ കക്ഷി (വിസികെ)യും തിരഞ്ഞെടുപ്പുകളില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇവരുമായി ധാരണയുണ്ടാക്കുന്നത് ദ്രാവിഡ കക്ഷികള്‍ക്ക് ആശ്വാസമാണ്. എന്നാല്‍, ഇത്തവണ ദ്രാവിഡ കക്ഷികളായ എഐഎഡിഎംകെ, ഡിഎംകെ എന്നിവയുമായി പിഎംകെയും വിസികെയും ധാരണയിലെത്തിയിട്ടില്ല. ഡിഎംകെയുമായോ എഐഎഡിഎംകെയുമായോ സഖ്യത്തിലെത്താത്തത് ഇരു പാര്‍ട്ടികള്‍ക്കും പറ്റിയ അബദ്ധമാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ എസ് വെങ്കിടേശന്‍ പറയുന്നു. അതേസമയം പിഎംകെക്ക് കുറഞ്ഞ സീറ്റ് മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് വണ്ണിയര്‍ സംഘം പ്രതിനിധി വി കെ ശങ്കരന്റെ വിലയിരുത്തല്‍. പിഎംകെയും എഐഎഡിഎംകെയും വണ്ണിയര്‍ സമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇത് ജാതി വോട്ടുകള്‍ ഭിന്നിപ്പിക്കാനും പിഎംകെ—ക്ക് കനത്ത തിരിച്ചടി ലഭിക്കാനും വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു.
പിഎംകെ—ക്ക് മുന്നോ നാലോ സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍. ഡിഎംകെയും എഐഎഡിഎംകെയും ദലിത്-വണ്ണിയര്‍ സമുദായംഗങ്ങളെ സ്ഥാനാര്‍ഥിയാക്കിയത് ജാതി കാര്‍ഡിറക്കുന്ന പിഎംകെയുടെയും വിസികെയുടെയും നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുമെന്നാണു നിഗമനം.
Next Story

RELATED STORIES

Share it