Readers edit

തപാല്‍ സ്റ്റാമ്പ് വിലക്കുന്നവര്‍

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പോസ്റ്റല്‍ സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചുവത്രേ! ഒരു കുടുംബത്തെ മാത്രം ആദരിക്കുന്നതു ശരിയല്ലെന്നാണ് എന്‍ഡിഎ ഭരണകൂടം വാദിക്കുന്നത്. അതിനു പകരം മറ്റു പല സ്വാതന്ത്ര്യസമര പോരാളികളെയും അവര്‍ ആദരിക്കാന്‍ പോവുകയാണുപോല്‍. ചിലരുടെ പേരുകളും തപാല്‍ വകുപ്പുമന്ത്രി വിവരിച്ചിട്ടുണ്ട്. അവരെ ഇന്ത്യ ആദരിക്കുന്നത് നല്ല കാര്യമാണ്, തര്‍ക്കമില്ല. പക്ഷേ, ആ പട്ടികയിലുള്ള പലരും ഇന്ദിര ഗാന്ധിയെപ്പോലെയോ രാജീവ് ഗാന്ധിയെപ്പോലെയോ ധീരരക്തസാക്ഷികളില്‍പ്പെടുന്നവരല്ല.

പഞ്ചാബില്‍ ഖലിസ്ഥാന്‍ എന്ന രാജ്യമുണ്ടാക്കാന്‍ വേണ്ടി സുവര്‍ണക്ഷേത്രം മറയാക്കി ആക്രമണം നടത്തിക്കൊണ്ടിരുന്നവരായിരുന്നു ഖലിസ്ഥാന്‍വാദികള്‍. പ്രമുഖ നേതാക്കളെ തിരഞ്ഞുപിടിച്ച് ഒന്നൊന്നായി കൊന്നൊടുക്കി സുവര്‍ണക്ഷേത്രത്തിലേക്ക് സുരക്ഷിതമായി രക്ഷപ്പെടുകയായിരുന്നു അവരുടെ പതിവ്. അത്തരം അറുകൊലകള്‍ ഒരു പ്രധാനമന്ത്രിക്കും കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല.

ആ സാഹചര്യത്തിലായിരുന്നു ഇന്ദിര ഗാന്ധി, സുവര്‍ണക്ഷേത്രത്തിലേക്ക് പട്ടാളത്തെ അയച്ച് ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ എന്നന്നേക്കുമായി തകര്‍ത്തത്.  പിന്നീട് സിഖ് യുവാക്കള്‍ തോക്കെടുത്തത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വധിക്കാന്‍ വേണ്ടി മാത്രമായിരുന്നു. അന്നു പത്രക്കാര്‍ ഖലിസ്ഥാനികള്‍ അവര്‍ക്കെതിരേ നീങ്ങുന്ന കാര്യം ഇന്ദിരയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതില്‍  ഇന്ദിര ഗാന്ധി പതറിയില്ല.

അവരുടെ ധീരത വരുംതലമുറയ്ക്ക് അറിയാന്‍ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തുന്നതിനു പകരം അവരെ മായ്ച്ചുകളയാനല്ല ഭരണകൂടം മുതിരേണ്ടത്. അന്ന് ഇന്ദിര ഗാന്ധി സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ച് കൊള്ളയും കൊലയും നടത്തിവരുന്ന സിഖ് അക്രമികളെ പട്ടാളത്തെ അയച്ച് തകര്‍ക്കാന്‍ ധൈര്യം കാണിച്ചിട്ടില്ലായിരുന്നുവെങ്കില്‍ സംഗതി മറിച്ചാകുമായിരുന്നു. അതുണ്ടായില്ലെങ്കില്‍ അമേരിക്കയും പാകിസ്താനും ചേര്‍ന്ന് സാന്ത് ജര്‍ണയില്‍സിങ് ഭിന്ദ്രന്‍വാലയെക്കൊണ്ട് പഞ്ചാബില്‍ ഖലിസ്താന്‍ പതാക ഉയര്‍ത്തിക്കുമായിരുന്നു.

ബംഗ്ലാദേശ് വിമോചനക്കാലത്ത് പാകിസ്താനെ സഹായിക്കാന്‍ അമേരിക്കയുടെ ഏഴാം കപ്പല്‍പ്പട ബംഗാള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടത് അധികമാര്‍ക്കും ഓര്‍മയുണ്ടാകുമെന്നു കരുതുന്നില്ല. ആ ഏഴാം കപ്പല്‍പ്പട ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു മാറ്റാന്‍ അമേരിക്കയോട് ഇന്ദിര ഗാന്ധി ആവശ്യപ്പെട്ടു. മനസ്സില്ലെങ്കിലും അവര്‍ അതിനു തയ്യാറാവേണ്ടിവന്നു. അതുപോലെ തമിഴ്പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ രാജീവ് ഗാന്ധിയെ വധിക്കാന്‍ നിര്‍ദേശം നല്‍കി. പ്രഭാകരന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നു ചെറുപ്പക്കാരെ ജാഫ്‌നയിലേക്ക് കൊണ്ടുപോയി ആയുധപരിശീലനം നല്‍കുക, ഇന്ത്യയില്‍ നിന്ന് ആയുധങ്ങളും സമ്പത്തും കടത്തുക, ശ്രീലങ്കന്‍ നേതാക്കളെ കൊന്നൊടുക്കുക ഒക്കെ പതിവായിരുന്നു. അതൊക്കെ ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ അറിയിച്ചിരുന്നു. ആ കാര്യങ്ങളെല്ലാം പരിഹരിക്കുന്നതിനു വേണ്ടി അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ രാജീവ് ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നു. അതിനുള്ള പ്രതികാരമാണ് രാജീവ് ഗാന്ധിയെ രാഷ്ട്രത്തിനു നഷ്ടമാവാന്‍ കാരണം. അതെല്ലാം ഇന്ത്യന്‍ ജനത ഓര്‍ക്കുന്നുണ്ട്. തപാല്‍ പോസ്റ്റ് കവറില്‍ നിന്ന് ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്റ്റാമ്പ് ഫോട്ടോകള്‍ ഒരുപക്ഷേ മായ്ച്ചുകളയാന്‍ എളുപ്പമായിരിക്കാം. അതേസമയം, ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളില്‍ നിന്ന് അവരെ മായ്ക്കുക എളുപ്പമാകുമെന്നു കരുതുന്നില്ല.
Next Story

RELATED STORIES

Share it