തന്റെ നിയമനത്തില്‍ ഒരു സന്ദേശമുണ്ട്: ജേക്കബ് തോമസ്; യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് പിന്നീട് പ്രതികരിക്കും

തിരുവനന്തപുരം: തന്റെ പുതിയ സ്ഥാനം ഒരു സന്ദേശം നല്‍കുന്നതാണെന്ന് നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആ സന്ദേശം ജനങ്ങള്‍ക്ക് മനസ്സിലാവുമെന്നും അതു പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് കേരള പുനരുജ്ജീവിപ്പിക്കില്ല. ചത്ത കുഞ്ഞിനെ ജീവിപ്പിക്കാനാവില്ല. ആറുമാസം അന്നു ലഭിച്ചിരുന്നെങ്കില്‍ കാര്യക്ഷമമായ സംവിധാനം വന്നേനെ. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കേസുകളിലടക്കം പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ പൊതുവേദികളില്‍ പലപ്പോഴും ഡിജിപി ജേക്കബ് തോമസ് ആഞ്ഞടിച്ചിരുന്നു. വിജിലന്‍സ് എഡിജിപി ആയിരിക്കെ പാറ്റൂര്‍ ഭൂമികൈയേറ്റ കേസിലടക്കം ജേക്കബ് തോമസ് കൈക്കൊണ്ട നിലപാടുകള്‍ യുഡിഎഫ് സര്‍ക്കാരിന് തലവേദനയായിരുന്നു. ഇതിനെത്തുടര്‍ന്ന് ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. എന്നാല്‍, വന്‍കിട നിര്‍മാണങ്ങള്‍ക്ക് സുരക്ഷാ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിലപാടെടുത്തതോടെ ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു മാറ്റി പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ എംഡി ആയി നിയമിച്ചു.
പോലിസ് അസോസിയേഷന്‍ നേതാവിനും പണികിട്ടി

തിരുവനന്തപുരം: പോലിസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ പോലിസ് അസോസിയേഷന്‍ നേതാവിനും പണികിട്ടി. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അജിത്കുമാറാണ് ഇരയായത്. തിരുവനന്തപുരം എംജി റോഡില്‍ അജിത്കുമാറിനെ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ നേരിട്ടു നിയമിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പോലിസ് അസോസിയേഷന്‍ നേതാവെന്ന പേരില്‍ അജിത് കുമാറിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ പോലിസുകാരെ നിയന്ത്രിച്ചതുപോലും ഇദ്ദേഹമാണെന്നും ആരോപണമുണ്ടായി. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിക്കുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് അദ്ദേഹം ട്രാഫിക് ഡ്യൂട്ടിക്ക് ഇറങ്ങിയതെന്നാണ് ഇപ്പോഴുള്ള പ്രചരണം.
Next Story

RELATED STORIES

Share it