World

തന്നെ പിടിക്കാന്‍ ഇന്ത്യ താലിബാന് പണം വാഗ്ദാനം ചെയ്‌തെന്ന് മസ്ഊദ് അസ്ഹര്‍

ന്യൂഡല്‍ഹി: തന്നെ പിടികൂടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ താലിബാന്‍ സര്‍ക്കാരിന് പണം വാഗ്ദാനം ചെയ്തതായി ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസ്ഊദ് അസ്ഹര്‍.
1999ല്‍ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ വിമാനത്തില്‍ നിന്നുള്ള യാത്രക്കാരെയും വിമാന ജോലിക്കാരെയും മോചിപ്പിച്ച സമയത്ത് അഫ്ഗാന്‍ നേതാവ് മുല്ല അഖ്തര്‍ മുഹമ്മദ് മന്‍സൂറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്നത്തെ വിദേശ കാര്യമന്ത്രി ജസ്‌വന്ത് സിങ് പണം വാഗ്ദാനം ചെയ്തതെന്നും അസ്ഹര്‍ വെളിപ്പെടുത്തി.
മുഹമ്മദ് മന്‍സൂറിനെ അനുസ്മരിച്ച് സൈദി എന്ന തൂലികാ നാമത്തില്‍ ജയ്‌ഷെയുടെ ഓണ്‍ലൈന്‍ മുഖപത്രമെന്ന് വിശേഷിപ്പിക്കുന്ന അല്‍കലാം വാരികയില്‍ ഈമാസം മൂന്നിനെഴുതിയ ലേഖനത്തിലാണ് അസ്ഹറിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസം അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ ആക്രമണത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. '
കാണ്ഡഹാറില്‍ നടന്ന ഒത്തുതീര്‍പ്പനുസരിച്ചാണ് 1999 ഡിസംബര്‍ 31ന് അസ്ഹറിനെയും മുഷ്താഖ് അഹമ്മദ് സര്‍ഗര്‍, അഹമ്മദ് ഉമര്‍ സഈദ് ശെയ്ഖ് എന്നിവരെയും മോചിപ്പിച്ചത്. ഒരിക്കല്‍ ഞാന്‍ മന്‍സൂറുമായി കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കറാച്ചിയില്‍ നിന്നുള്ള നിവേദക സംഘത്തോടപ്പമാണ് ഞാന്‍ മന്‍സൂറിനെ കണ്ടത്. വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ വച്ച് ഞങ്ങളെ മന്‍സൂര്‍ സ്വാഗതം ചെയ്തു.
ഈ അവസരത്തിലാണ് ജസ്‌വന്ത് സിങ് തന്നെ പിടിച്ചുകൊടുത്താല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതെന്നും അസ്ഹര്‍ ലേഖനത്തില്‍ എഴുതി.
താങ്കള്‍ക്ക് ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചുപോവാന്‍ കഴിഞ്ഞാല്‍ അത് തന്നെ വലിയ കാര്യമെന്ന് പറഞ്ഞ് മന്‍സൂര്‍ വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്നും അസ്ഹര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇന്ത്യയിലെ 'റോ'അധികൃതരും മുന്‍ നയതന്ത്രജ്ഞന്‍ വിവേക് കട്ജുവും ഈ വെളിപ്പെടുത്തല്‍ നിഷേധിച്ചു.
Next Story

RELATED STORIES

Share it