Flash News

തന്നെ നിശ്ശബ്ദനാക്കാമെന്ന് കരുതേണ്ട: എസ് എ ആര്‍ ഗീലാനി

ന്യൂഡല്‍ഹി: കശ്മീരിനു വേണ്ടി സംസാരിക്കുന്നതു തുടരുമെന്ന് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഗീലാനി. ഇതുകൊണ്ടൊന്നും താന്‍ പേടിച്ചു പിന്മാറില്ലെന്നും ഗീലാനി പറഞ്ഞു. ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ അവര്‍ എന്നെ തൂക്കിക്കൊല്ലാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, അതുകൊണ്ടു പോലും പേടിച്ച് ഞാന്‍ മിണ്ടാതിരുന്നിട്ടില്ല. ചെയ്യുന്നതു തെറ്റാണെന്നു കണ്ടാല്‍ അതു തെറ്റാണെന്ന് ഞാന്‍ പറയും. ജനാധിപത്യ ലിബറല്‍ വാദികള്‍ പോലും കശ്മീരിനെക്കുറിച്ചു സംസാരിക്കാന്‍ മടിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ പോലും കശ്മീരിനെക്കുറിച്ചു ശബ്ദിക്കാന്‍ പേടിക്കുന്നു. ഇതൊരു ദുരന്തമാണ്.പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട് അനുസ്മരണ യോഗത്തില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ല. ചിലര്‍ക്ക് അരോചകമെന്നു തോന്നുന്ന ചില കാര്യങ്ങള്‍ അവിടെ സംസാരിച്ചിരുന്നു. അതില്‍ പ്രസ്‌ക്ലബ്ബിലെ ആരും എതിരഭിപ്രായം പറഞ്ഞില്ല. ചിലര്‍ കശ്മീര്‍ അനുകൂല മുദ്രാവാക്യം വിളിച്ചു. അത് ഇന്ത്യാവിരുദ്ധമാണെന്ന് ആരെങ്കിലും കരുതിയാല്‍ അത് അവരുടെ കുഴപ്പമാണ്. കശ്മീരിനെ ചര്‍ച്ചചെയ്യാന്‍ പാടില്ലാത്ത ഒരു വിഷയമായി ഏറെക്കാലം നിലനിര്‍ത്താന്‍ കഴിയില്ലെന്നും ഗീലാനി പറഞ്ഞു. തനിക്കെതിരേ ഡല്‍ഹി പോലിസിന്റെ പക്കല്‍ തെളിവുണ്ടെന്ന ആരോപണവും ഗീലാനി തള്ളി. തനിക്കെതിരേ വീഡിയോ തെളിവുണ്ടെന്നായിരുന്നു പോലിസ് കോടതിയില്‍ അവകാശപ്പെട്ടത്. അതു ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍, അടുത്ത ദിവസം കേസ് വിളിച്ചപ്പോഴും പോലിസ് വീഡിയോ ഹാജരാക്കിയില്ല. അങ്ങനെയൊന്ന് ഉണ്ടെന്ന് അവര്‍ കള്ളം പറഞ്ഞതായിരുന്നു. പോലിസ് തന്റെ ഫോണ്‍ കണ്ടുകെട്ടി തെളിവായി ചേര്‍ത്തിട്ടുണ്ട്. പോലിസ് എന്റെ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അക്കാര്യം ഞാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഫലമൊന്നുമുണ്ടായില്ല. എന്റെ ഫോണില്‍ നിന്ന് അവര്‍ക്ക് എന്തുകിട്ടിയെന്നും അവര്‍ എന്തിനാണ് അത് ഉപയോഗിക്കുന്നതെന്നും എനിക്കറിയില്ല. യൂനിഫോം ധരിക്കാത്ത ഒരു സംഘം പോലിസുകാര്‍ തന്റെ കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടിയാണ് തന്നെ അറസ്റ്റ് ചെയ്തത്. അവരുടെ കൈയില്‍ വാറന്റ് പോലും ഉണ്ടായിരുന്നില്ല.മുന്‍വിധിയോടെയാണ് പോലിസ് തന്നോടു പെരുമാറിയിരുന്നത്. എന്നാല്‍, കസ്റ്റഡിയില്‍ ശാരീരികപീഡനം ഉണ്ടായില്ല. പകരം ആദ്യത്തെ മൂന്നു ദിവസം ഉറങ്ങാന്‍ പോലും സമ്മതിക്കാതെ മാനസിക പീഡനമായിരുന്നു.  പലപ്പോഴും തന്റെ രക്തസമ്മര്‍ദ്ദം അപകടകരമായ വിധത്തില്‍ കൂടി. തന്നെ ഏകാന്തതടവിനു തുല്യമായ രീതിയിലാണു ജയിലിലിട്ടത്. ആരെയും കാണാനോ സംസാരിക്കാനോ അനുവദിച്ചില്ല. നാലു ദിവസം ഇങ്ങനെ തുടര്‍ന്നപ്പോള്‍ താന്‍ നിരാഹാരസമരം നടത്തുമെന്നു പ്രഖ്യാപിച്ചു. അതോടെയാണ് അവര്‍ ഒന്ന് അയഞ്ഞത്. ഇത് തനിക്കു മാത്രമല്ല. പുറത്ത് തന്റെ കുടുംബത്തെ വീടിനു പുറത്തേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോലും പോവാന്‍ സാധിക്കാത്ത വിധം അവര്‍ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ജെഎന്‍യു വിദ്യാര്‍ഥികളുടെ കാര്യത്തിലുണ്ടായതു പോലുള്ള ഒരു പ്രക്ഷോഭം തന്റെ കാര്യത്തില്‍ ഉണ്ടായില്ല. താന്‍ ഒരു കശ്മീരി മുസ്‌ലിം ആയതുകൊണ്ടാണിതെന്നും ഗീലാനി പറഞ്ഞു.
Next Story

RELATED STORIES

Share it