തന്നെ കുടുക്കാന്‍ ബിജെപി എംപി കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കി: ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: തന്നെ കുടുക്കാനായി ബിജെപി എംപി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ധാരണയുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട ബിജെപി അംഗം കീര്‍ത്തി ആസാദിന്റെ പേരെടുത്തു പരാമര്‍ശിക്കാതെയായിരുന്നു ജെയ്റ്റ്‌ലിയുടെ പരാമര്‍ശം. തന്നെ കുടുക്കിലാക്കാനായി കോണ്‍ഗ്രസ് സര്‍ക്കാരിന് എംപി കത്തയച്ചിരുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
ബിജെപി എംപി സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുകയും തന്നെ കുടുക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. തന്റെ കുടുംബാംഗങ്ങള്‍ക്കും ഈ അഴിമതിയില്‍ പങ്കുണ്ടെന്ന എഎപിയുടെ ആരോപണം ജെയ്റ്റ്‌ലി നിഷേധിച്ചു. തന്റെ കുടുംബാംഗങ്ങളില്‍ ഒരാള്‍ പോലും ബിസിനസില്‍ നിന്ന് ഒരു രൂപ പോലും നേടുന്നില്ല. 2013 മുതല്‍ താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗമല്ല. തന്റെ കാലശേഷം ചില ക്രമക്കേടുകളും വിവാദങ്ങളും ഡിഡിസിഎയില്‍ ഉണ്ടായിട്ടുണ്ട്. അതേപ്പറ്റിയൊന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌റ്റേഡിയത്തിന്റെയും കോര്‍പറേറ്റ് ബോക്‌സിന്റെയും നിര്‍മാണം സംബന്ധിച്ച് തന്റെ കാലത്തുണ്ടായ രണ്ടു പ്രശ്‌നങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
നികുതിദായകരുടെ പണം ഉപയോഗിച്ചല്ലാതെ നിര്‍മിച്ച ഡല്‍ഹിയിലെ സ്‌റ്റേഡിയമാണത്. ഇതിന് പണം ശേഖരിക്കാനാണ് 43 കോര്‍പറേറ്റ് ബോക്‌സുകള്‍ നിര്‍മിച്ചത്. പത്തു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ ഇതിലേക്കുള്ള സീറ്റുകള്‍ വിറ്റു. പവലിയന്‍, ലോംഗ് ഓഫ്, ലോംഗ് ഓണ്‍ തുടങ്ങിയവയെല്ലാം വിറ്റ് 35 കോടി രൂപ സ്വരൂപിച്ചു. പിന്നീട് നാല് കോടിയില്‍ നിന്ന് തങ്ങളുടെ പണം ബിസിസിഐ 50 കോടിയായി ഉയര്‍ത്തി.
58 കോടി രൂപയ്ക്കാണ് പൊതുമേഖല സ്ഥാപനമായ എന്‍ജിനീയറിങ് പ്രൊജക്ട്‌സ് ഇന്ത്യ ലിമിറ്റഡിന് കരാര്‍ നല്‍കിയത്. ബാക്കി പണമെല്ലാം എവിടെപ്പോയെന്നാണ് ഇപ്പോള്‍ ചോദ്യം ഉയര്‍ന്നിരിക്കുന്നത്. സ്‌റ്റേഡിയത്തിന്റെ നിലം ശരിയാക്കല്‍, 50,000 പേര്‍ക്കുള്ള ശുചിമുറികള്‍ തയ്യാറാക്കല്‍,വൈദ്യുതീകരണം, 42,000 പേര്‍ക്കുള്ള ഇരിപ്പിടങ്ങളൊരുക്കല്‍, മുറി ശീതീകരിക്കല്‍, ഗ്രൗണ്ടിന്റെയും പിച്ചിന്റെയും സജ്ജീകരണം, 17 ഗേറ്റുകള്‍, ഫ്‌ലഡ്‌ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയെല്ലാം കൂടി വന്നപ്പോള്‍ 114 കോടി രൂപയിലധികം ചെലവായി. എല്ലാ ഇടപാടും ചെക്കുകള്‍ വഴിയാണു നടത്തിയതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it