തന്നെയും മാതാവായി പരിഗണിക്കണം: രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ 'പശുവിന്റെ കത്ത്'

ജോദ്പുര്‍: തന്നെയും മാതാവായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ പശുവിന്റെ കത്ത്. അഞ്ചാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് എഴുതുന്ന രീതിയില്‍ പശുവിന്റെ കത്ത് ഉള്‍പ്പെടുത്തിയത്. പശുസംരക്ഷണത്തിനു വേണ്ടി പ്രത്യേക മന്ത്രാലയം (ഗോപാലന്‍) തന്നെയുള്ള സംസ്ഥാനത്ത് കുട്ടികള്‍ക്ക് ഗോമാതാവിനെക്കുറിച്ച് അറിവു ലഭ്യമാക്കുകയെന്നതാണ് പാഠഭാഗത്തിന്റെ ലക്ഷ്യമെന്നാണ് അധികൃതരുടെ വിശദീകരണം
'എന്റെ ആണ്‍പെണ്‍ മക്കളേ..' എന്ന സംബോധനയില്‍ ആരംഭിക്കുന്ന കത്തില്‍ താന്‍ എല്ലാവര്‍ക്കും കരുത്തും ബുദ്ധിയും ദീര്‍ഘായുസ്സും ആരോഗ്യവും സന്തോഷവും അഭിവൃദ്ധിയും നല്‍കുന്നു. എന്നെ അമ്മയായി കാണുന്നവരെ ഞാന്‍ മക്കളായും കാണും. സര്‍വരോഗ സംഹാരിയായ പാലും തൈരും നെയ്യും എന്റെ സംഭാവന തന്നെ. മൂത്രം, ചാണകം എന്നിവയില്‍നിന്ന് മരുന്നും വളവും കീടനാശിയുമുണ്ടാക്കാം. എന്റെ മകനായ കാള കൃഷിയില്‍ സഹായിക്കും. ശ്വാസത്തിലൂടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതും ഞാനാണ്. എന്നിങ്ങനെ കത്ത് നീളുന്നു. ഇതുകൊണ്ടൊക്കെത്തന്നെ തന്നെയും അമ്മയായി പരിഗണിക്കണമെന്നാണ് ഗോമാതാവിന്റെ ആവശ്യം.
അതേസമയം, പശുവിനെ സംബന്ധിച്ചുള്ള പാഠഭാഗത്തു നിന്ന് പരീക്ഷയ്ക്ക് ചോദ്യങ്ങളൊന്നും ഉണ്ടാവില്ലെന്ന് അധികൃതര്‍ പറയുന്നു. പശുവിന്റെ ഗുണഗണങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണു കരുതുന്നതെന്ന് ഗോപാലന്‍ വകുപ്പ് മന്ത്രി ഒട്ടാറാം ദേവസി പ്രതികരിച്ചു. പരീക്ഷയില്‍ ഈ പാഠത്തില്‍നിന്ന് മാര്‍ക്കുണ്ടാവില്ലെന്നതാണ് കുട്ടികള്‍ക്കുള്ള ആശ്വാസം.
Next Story

RELATED STORIES

Share it