തന്ത്രങ്ങളുമായി കച്ചമുറുക്കി സ്വതന്ത്രരും

സലീം ഐദീദ്

കഴിഞ്ഞ തവണ ഏറനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ കവച്ചുവച്ച് സര്‍വ സ്വതന്ത്രനായി 47452 വോട്ടുകള്‍ വാരിക്കൂട്ടിയ പി വി അന്‍വറിനെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കുന്നതിന് അണിയറ നീക്കങ്ങള്‍ സജീവമാണ്.
താനൂര്‍, പരപ്പനങ്ങാടി, പൊന്നാനി മണ്ഡലങ്ങളില്‍ എസ്ഡിപിഐക്ക് ശക്തമായ വലയങ്ങളുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കൊണ്ടോട്ടിയിലും പൊന്മളയിലും വിജയക്കൊടി പാറിക്കുകയും നിരവധി കേന്ദ്രങ്ങളില്‍ ഗണ്യമായ വോട്ട് നേടുകയും ചെയ്ത എസ്ഡിപിഐ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, ഐഎന്‍എല്‍ തുടങ്ങിയ സംഘടനകള്‍ക്കും പല കേന്ദ്രങ്ങളിലും വോട്ടുകളുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രം മങ്കടയാണ്.
ബിജെപിയുടെ വേരോട്ടം താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലുണ്ട്. മറ്റൊരു വോട്ടുബാങ്കുള്ളത് കാന്തപുരും സുന്നി വിഭാഗത്തിനാണ്. യുഡിഎഫിന് നേര്‍ത്ത ഭൂരിപക്ഷം മാത്രമുള്ള മണ്ഡലങ്ങളില്‍ ബഹുജനസംഘടനകള്‍ നെഞ്ചിടിപ്പ് കൂട്ടുമ്പോള്‍ എല്‍ഡിഎഫിന് ആശ്വാസത്തിന്റെ ഇളംകാറ്റാവുന്നു. ചെറിയ കക്ഷികള്‍ സ്വന്തം നിലയില്‍ വോട്ടുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുമെന്നതിനാല്‍ കഴിയാവുന്നവരെയൊക്കെ ഒപ്പം കൂട്ടാന്‍ സ്ഥാനാര്‍ഥി കുപ്പായമിട്ടവര്‍ രഹസ്യ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി തുടങ്ങിയ മണ്ഡലങ്ങളെല്ലാം ഈ ഗണത്തില്‍പ്പെടും.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചട്ടക്കൂടുകളില്‍ ഒതുങ്ങാത്ത സഖ്യമാണ് മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസ്സിനെയും വിറപ്പിച്ചത്. അതിന്റെ തുടര്‍ കമ്പനങ്ങള്‍ ഇപ്പോഴും പ്രസ്തുത മേഖലകളിലുണ്ട്. ചോക്കാട്, എടവണ്ണ പഞ്ചായത്തുകളും കൊണ്ടോട്ടി നഗരസഭയുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
വിചിത്ര സഖ്യങ്ങളില്‍ പഴയ ആവേശം നിലനില്‍ക്കുന്നുണ്ടോ എന്നതാണ് ചോദ്യം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ ഇ അഹമ്മദിന് 194739 വോട്ടുകളുടെ ഭൂരിപക്ഷവും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിന് 25410 വോട്ടുകളുടെ ഭൂരിപക്ഷവുമാണ് ലഭിച്ചത്. മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാകെയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ തവനൂര്‍, പൊന്നാനി ഒഴികെയുള്ള മണ്ഡലങ്ങളിലും യുഡിഎഫ് മേല്‍ക്കൈ നേടി.
ഈയിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് സുഖസുന്ദരമായി മറുകര പറ്റിയെങ്കിലും ഗ്രാമപ്പഞ്ചായത്തുകളില്‍ അടി തെറ്റി വീണു.
ലീഗിന്റെ നെടുംകോട്ടകളില്‍ വരെ വിള്ളല്‍ വീഴ്ത്തിയാണ് വിചിത്ര മുന്നണികള്‍ അരങ്ങു തകര്‍ത്തത്. ലീഗിനെ തളയ്ക്കാന്‍ ഈ മരുന്ന് ഫലപ്രദമാണെന്നു കണ്ടെത്തിയതോടെ ന്യൂജന്‍ സ്വതന്ത്രന്മാരെ രംഗത്തിറക്കി പരീക്ഷണം കൂടുതല്‍ വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം അറകളില്‍ സജീവമാണ്. ഇതു കണ്ടറിഞ്ഞ് ഒരു മുഴം മുമ്പെ എറിയാന്‍ മുസ്‌ലിം ലീഗും തയ്യാറെടുത്തു കഴിഞ്ഞു.
മുന്‍കാലങ്ങളില്‍ ജില്ലയിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ചെഴുതാന്‍ മലപ്പുറത്തെ വാര്‍ത്താലേഖകര്‍ക്ക് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. നേരത്തെ തന്നെ വിധിയെഴുത്ത് എന്താവുമെന്ന ഉറപ്പായിരുന്നു ഇതിനു കാരണം. മലപ്പുറത്തെ തിരഞ്ഞെടുപ്പിന്റെ ചിത്രം ഉദ്വേഗ ജനകമാവുന്നു എന്നതു തന്നെ പുതിയ മാറ്റമാണ്.
Next Story

RELATED STORIES

Share it