തനിക്കെതിരേയുളള ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് തങ്കച്ചന്‍; പിന്നില്‍ മറ്റെന്തോ ലക്ഷ്യം: ജിഷയുടെ സഹോദരി

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരേ നടത്തിയ വിവാദ പരാമര്‍ശം രാഷ്ട്രീയ പ്രേരിതമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. മരിച്ച ജിഷയുടെ മാതാവ് രാജേശ്വരിയുമായി തനിക്കോ തന്റെ കുടുംബത്തിനോ ഒരു ബന്ധവുമില്ല. രാജേശ്വരി തന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നുവെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള നീചശ്രമമാണ് നടക്കുന്നത്. ഏത് ആരോപണത്തേയും സത്യസന്ധമായി നേരിടുമെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.
തങ്ങളുടെ കുടുംബത്തെക്കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ പറഞ്ഞു. തന്റെ അമ്മയുടെ മാതാവ് പി പി തങ്കച്ചന്റെ മകളുടെ പ്രസവ ശുശ്രൂഷയ്ക്ക് നിന്നിട്ടുണ്ട്. അതാണ് ആ കുടുംബവുമായുള്ള ഏക ബന്ധം.
തന്റെ മാതാവ് പ്രസവ ശുശ്രൂഷയ്ക്കും പ്രായമായവരെ പരിചരിക്കുന്നതിനും പോയിട്ടുണ്ട്. എന്നാല്‍, ജീവിതത്തില്‍ ഒരിക്കല്‍ പോലും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ വീട്ടില്‍ തന്റെ അമ്മ പോയിട്ടില്ലെന്നും അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലെന്നും ദീപ പറഞ്ഞു.
മുഖ്യമന്ത്രിക്ക് പരാതി നല്‍കി
തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തുന്ന ദുഷ്പ്രചാരണത്തിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
ജോമോന്റെ പ്രചാരണം ജിഷ വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it