തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കേസുകള്‍; ഓംബുഡ്‌സ്മാന്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി കേസുകള്‍ പരിഗണിക്കേണ്ടത് ഓംബുഡ്‌സ്മാനാണെന്ന് ഹൈക്കോടതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജീവനക്കാരും അംഗങ്ങളും പൊതുപ്രവര്‍ത്തകരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ ലോകായുക്തയ്ക്കു പകരം ഓംബുഡ്‌സ്മാനാണ് ഇവരുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
തലയോലപ്പറമ്പ് ബസ് ടെര്‍മിനല്‍ ബിഒടി വ്യവസ്ഥയില്‍ നിര്‍മിക്കുന്നതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജിയിലാണ് കോടതി ഉത്തരവ്. നിര്‍മാണത്തില്‍ ക്രമക്കേടു നടന്നതായി ചൂണ്ടികാട്ടി പഞ്ചായത്ത് അംഗമായ ജോസ് വി ജേക്കബ് ലോകായുക്തയ്ക്ക് പരാതി നല്‍കി. ലോകായുക്ത പരാതി പരിഗണിച്ച് നിര്‍മാണം നിര്‍ത്തിവയ്ക്കാനും പഞ്ചായത്ത് അധികൃതരോട് ഹാജരാവാനും ഉത്തരവിട്ടു. ഇതിനെതിരേ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ലോകായുക്തയ്ക്ക് പരിഗണിക്കാനാവില്ലെന്നും ഓംബുഡ്‌സ്മാനാണ് പരാതി പരിഹരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ലോകായുക്തയുടെ നടപടി റദ്ദാക്കി. ഇതിനെതിരേ പരാതിക്കാരന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.
അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഓംബുഡ്‌സ്മാനാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കി. ലോകായുക്ത ആക്ടിലെ സെക്ഷന്‍ 271 എഫ് മുതല്‍ 271 ആര്‍ വരെ പൊതുപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട കേസുകള്‍ ഓംബുഡ്‌സ്മാന്‍ പരിഗണിക്കണമെന്നു വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡയറക്ടര്‍, കരാറുകാര്‍ തുടങ്ങിയവര്‍ എതിര്‍കക്ഷികളായതിനാല്‍ കേസ് ലോകായുക്തയാണു പരിഗണിക്കേണ്ടതെന്ന ഹരജിക്കാരുടെ വാദം കോടതി തള്ളി. എതിര്‍കക്ഷികളായി പൊതുപ്രവര്‍ത്തകരല്ലാത്തവരെ ഉള്‍പ്പെടുത്തിയതുകൊണ്ട് ലോകായുക്തയ്ക്ക് പരാതി പരിഗണിക്കാനാവില്ലെന്നും ഹരജിയില്‍ പറയുന്ന കരാര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ആവശ്യമെങ്കില്‍ ഹരജിക്കാരന് ഓംബുഡ്‌സ്മാനെ സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it