Pathanamthitta local

തദ്ദേശ സ്ഥാപനത്തിന്റെ അനാസ്ഥയും തല്‍പര കക്ഷികളുടെ പരാതിയും

പന്തളം: കടയ്ക്കാട് മല്‍സ്യ മാര്‍ക്കറ്റ് അടപ്പിച്ചതിന് പിന്നില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനാസ്ഥയും തല്‍പര കക്ഷികളുടെ പരാതിയുമെന്ന് ആക്ഷേപം. മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം ഇക്കഴിഞ്ഞ 11നാണ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. മല്‍സ്യച്ചന്തയുടെ പ്രവര്‍ത്തനം മൂലം പരിസര മലിനീകരണം ഉണ്ടാവുന്നുവെന്നു നാട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ചു കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നു ഉത്തരവിട്ടുകയായിരുന്നു.
അടച്ചുപൂട്ടിയ മാര്‍ക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പന്തളം നഗരസഭ നടപടി സ്വീകരിച്ചില്ലെന്ന പരാതി ശക്തമാണ്. നൂറിലധികം തൊഴിലാളികളും ചെറുകിട, വന്‍കിട കച്ചവടക്കാരുടെയും ജീവനോപാധിയായ മാര്‍ക്കറ്റ്, മാലിന്യത്തിന്റെ പേരില്‍ അടച്ചുപൂട്ടാന്‍ നടപടിയെടുത്ത നഗരസഭ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി എടുത്തിട്ടില്ല. കൂടാതെ സ്വകാര്യ വ്യക്തികള്‍ കൈയേറിയ മാര്‍ക്കറ്റിന്റെ സ്ഥലം തിരികെ പിടിക്കുന്നതിന് യാതൊരു നടപടിയും റവന്യൂ അധികൃതരും സ്വീകരിച്ചിട്ടില്ല. ഓരോ വര്‍ഷവും ചന്ത ലേലം ചെയ്യുമ്പോഴും പരിസരമലിനീകരണ നിയമങ്ങള്‍ കച്ചവടക്കാര്‍ പാലിക്കുന്നുണ്ടോ എന്നുള്ള അന്വേഷണം നഗരസഭ റിപോര്‍ട്ട് ചെയ്യാതിരുന്നതാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ ഉത്തരവിന് കാരണം.
2014 നവംബര്‍ 26നാണ് ചന്തയുടെ പ്രവര്‍ത്തനം നിരോധിച്ച് ആദ്യമായി മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിടുന്നത്. തുടര്‍ന്ന് നിയമപോരാട്ടങ്ങള്‍ നിരവധി നടന്നപ്പോഴും മാര്‍ക്കറ്റിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
ഒരു നൂറ്റാണ്ടില്‍ അധികമായി പ്രവര്‍ത്തിക്കുന്ന ചന്തയില്‍ അടുത്തകാലത്താണ് മാലിന്യം കുന്നുകൂടിയത്. ചന്തയുടെ 103 സെന്റോളം ഭൂമി കൈയേറ്റക്കാര്‍ അനധികൃതമായി കൈവശം വച്ചിട്ടുണ്ട്. മാലിന്യം കുന്നു കൂടിയതിന്റെ പിന്നിലും ഈ കൈയേറ്റമാണ് കാരണം. മാര്‍ക്കറ്റിന്റെ ചുറ്റുവട്ടത്തായി കടയ്ക്കാട് കല്ലാര്‍ പുഞ്ചയില്‍ നിന്ന് ഉല്‍ഭവിക്കുന്ന നീരൊഴുക്ക് വലിയ വെള്ളപ്പൊക്കമായി കടയ്ക്കാട് മാര്‍ക്കറ്റ് നില്‍ക്കുന്ന ഭാഗത്തുകൂടി പന്തളം കിളികൊല്ലൂര്‍ പുഞ്ചയിലേക്ക് ഒഴുകിയിരുന്നു.
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഇത്തരത്തില്‍ വെള്ളപ്പൊക്കം ഉണ്ടാവുന്നതുമൂലം ചന്തയ്ക്കുള്ളിലെ മാലിന്യം ഒരു പരിധി വരെ ഒലിച്ചുപോയിരുന്നു. നഗരസഭ ചന്തയുടെ നവീകരണത്തിനായി 14,00000 രൂപ ചെലവഴിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യവികസനത്തിന് അത് പര്യപ്തമായില്ല. മല്‍സ്യപ്പെട്ടികള്‍ ഇറക്കി വയ്ക്കുന്നതിനും മലിനജലം ശേഖരിക്കാനുള്ള ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ല.
പ്രദേശത്തെ ചില തല്‍പര കക്ഷികളുടെ ഇടപെടല്‍ ചന്ത അടച്ചുപൂട്ടുന്നതിന്റെ പിന്നില്‍ ഉണ്ടെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ചന്തയുടെ പ്രവര്‍ത്തനം പാതിവഴിയില്‍ തടസ്സപ്പെട്ടത് അതു സാധൂകരിക്കുന്നു.
Next Story

RELATED STORIES

Share it