kozhikode local

തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി ധനകാര്യ കമ്മീഷന്‍

കോഴിക്കോട്: കോര്‍പറേഷന്റേയും ജില്ലാ പഞ്ചായത്തിന്റേയും പദ്ധതി ഫണ്ട് വിനിയോഗം തൃപ്തികരമല്ലെന്ന് അഞ്ചാം ധനകാര്യ കമ്മീഷന്‍. ഇതു സംബന്ധിച്ച റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു കൈമാറിയിട്ടുണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫ. ബി എ പ്രകാശ് അറിയിച്ചു. കോഴിക്കോട് കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, വടകര മുനിസിപ്പാലിറ്റി, കടലുണ്ടി, നരിപ്പറ്റ, ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് കമ്മീഷന്‍ ഇന്നലെ പരിശോധിച്ചത്.
കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയുമായാണ് പ്രതിനിധികള്‍ കമ്മീഷനു മുന്നിലെത്തിയത്. ഇതു പരിശോധിച്ച ശേഷമാണ് കമ്മീഷന്‍ കോര്‍പറേഷനെതിരേയും ജില്ലാ-ഗ്രാമപ്പഞ്ചായത്തുകള്‍ക്കെതിരേയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ 55 ശതമാനം പദ്ധതി വിഹിതമാണ് കോഴിക്കോട് കോര്‍പറേഷന്‍ ചെലവഴിച്ചത്. എന്നാല്‍ നടപ്പുവര്‍ഷത്തില്‍ ചെലവഴിച്ചത് എട്ടു ശതമാനം തുക മാത്രമാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
പദ്ധതികളുടെ ബാഹുല്യമാണ് കോഴിക്കോട് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. 2014- 15ല്‍ 1,300 പദ്ധതികള്‍ ആസൂത്രണം ചെയ്തപ്പോള്‍ 2015-16 വര്‍ഷത്തില്‍ ആസൂത്രണം ചെയ്തത് 1,183 പദ്ധതികളാണ്. ഇതു പകുതിയാക്കി കുറച്ചു മികച്ച രീതിയില്‍ നടപ്പാക്കിയാല്‍ മാത്രമേ വികസനം സാധ്യമാവൂവെന്നും കമ്മീഷന്‍ വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് 2014-15 കാലഘട്ടത്തില്‍ 66 ശതമാനമാണു ചെലവഴിച്ചത്.
റോഡ് വികസനം, കുടിവെള്ള വിതരണം, പൊതുമരാമത്ത്, കൃഷി മേഖലകളിലെ പദ്ധതികളിലാണു ജില്ലാ പഞ്ചായത്ത് പിറകില്‍ പോയത്. കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് 44 ശതമാനവും നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് 65 ശതമാനവും ഉണ്ണികുളം 60 ശതമാനവും പദ്ധതി വിഹിതമാണ് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ചത്. എന്നാല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ ജീവനക്കാര്‍ അവധിയില്‍ പോയതും ജീവനക്കാരുടെ സ്ഥലംമാറ്റവും കോര്‍പറേഷന്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന് കോര്‍പറേഷനില്‍ നിന്ന് കമ്മീഷനു മുന്നില്‍ ഹാജരായ മേയര്‍ വി കെ സി മമ്മദ് കോയ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജന്‍ എന്നിവര്‍ അറിയിച്ചു.
ഗ്രാമസഭകള്‍ കാര്യക്ഷമമല്ലെന്നും ഗുണഭോക്തൃ സമിതികളെ ചിലര്‍ ചൂഷണം ചെയ്യുന്നുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. കൊച്ചി, കൊല്ലം, തൃശൂര്‍ കോര്‍പറേഷനുകളുടെ പ്രവര്‍ത്തനം കോഴിക്കോട് കോര്‍പറേഷനേക്കാള്‍ ഭേദമാണെന്നും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ മാറ്റമുണ്ടാക്കാമെന്നും കമ്മീഷന്‍ പറഞ്ഞു. ധനകാര്യ കമ്മീഷന്‍ സെക്രട്ടറി ടി കെ സോമന്‍, ബി പ്രദീപ്കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it