തദ്ദേശ തിരഞ്ഞെടുപ്പ് - 2015: കേരളം എങ്ങനെ ചിന്തിക്കുന്നു

കെ എം അഷ്‌റഫ്

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത വ്യക്തമാവുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഷ്‌റഫ്. മുന്‍കാലങ്ങളില്‍ കിട്ടിയതിനേക്കാള്‍ വോട്ട് ഇത്തവണ പാര്‍ട്ടിക്കു ലഭിക്കും. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തില്‍ ഇതു ചര്‍ച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ തിരിച്ചടി നേരിടും. ബിജെപിയുടെ കലാപരാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല. കേരളത്തിലുള്ളവര്‍ സമാധാനപ്രിയരാണ്. ഇവര്‍ ബിജെപിയുടെ രാഷ്ട്രീയം പരിഗണിക്കില്ല. ഉത്തരേന്ത്യയിലെ സംഭവവികാസങ്ങള്‍ ബിജെപിക്കെതിരായ വികാരമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുള്ളത്. എസ്എന്‍ഡിപിയെ കൂടെ നിര്‍ത്തിയതും ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും പൊതുസമൂഹത്തില്‍ ബിജെപിക്കെതിരായ സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്. കേരള രാഷ്ട്രീയത്തില്‍ ഇടത്-വലത് പാര്‍ട്ടികള്‍ക്കെതിരായ കടുത്ത ജനരോഷമുണ്ട്. പകരം സംവിധാനമില്ലാഞ്ഞിട്ടാണ് പൊതുജനത്തിന് ഇവരിലാരെയെങ്കിലും വിജയിപ്പിക്കേണ്ടിവന്നിരുന്നത്. തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതോടുകൂടി എസ്ഡിപിഐക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ജനപിന്തുണ മനസ്സിലാവുമെന്നും അഷ്‌റഫ് പറഞ്ഞു.

സാറാ ജോസഫ്

അഴിമതിക്കാരെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണം. പ്രധാന മുന്നണികളെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. രാഷ്ട്രീയം തന്നെ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു. ജനങ്ങളുടെ പണം കൊള്ളയടിക്കാനുള്ള ലൈസന്‍സായി രാഷ്ട്രീയത്തെയും സ്ഥാനമാനങ്ങളെയും ഉപയോഗപ്പെടുത്തുന്നവരാണ് അധികവും. അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പില്‍ അഴിമതിക്കാരെയും കൊള്ളരുതാത്തവരെയും തോല്‍പ്പിക്കണം. വയല്‍ നികത്തുകയും വനം വെട്ടിപ്പിടിക്കുകയും പുഴകളില്‍ നിന്ന് അനധികൃതമായി മണലെടുക്കുകയും പാറ പൊട്ടിക്കുകയും ചെയ്തവരെയെല്ലാം ബാലറ്റിലൂടെ തോല്‍പ്പിക്കണം. ജനപക്ഷത്തു നില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രതിനിധികളെപ്പോലെ മികച്ച പ്രതിച്ഛായയുള്ളവരെ വിജയിപ്പിക്കണം.
നാടിന്റെ പുരോഗതിയിലും നന്മയിലും വിശ്വസിക്കുന്നവര്‍ ഇതാണു ചെയ്യേണ്ടത്. വികസനം എന്നാല്‍, കൂറ്റന്‍ കെട്ടിടങ്ങളും പ്രകൃതിയെ നശിപ്പിച്ചുണ്ടാക്കുന്ന റിസോര്‍ട്ടുകളുമാണെന്ന ധാരണ തിരുത്തണം. ഇതിനുതകുന്നവിധം സമ്മതിദാനാവകാശം വിനിയോഗിക്കണം. സംസ്ഥാനം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ സാധാരണക്കാരെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലും ഇതു തന്നെയാണവസ്ഥ. അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. എല്ലാം ഇടനിലക്കാര്‍ തട്ടിയെടുക്കുന്ന അവസ്ഥയാണുള്ളത്. ഇതിനൊരു മാറ്റം അനിവാര്യമാണ്. വ്യവസ്ഥാപിത മുഖ്യധാരാ പാര്‍ട്ടികള്‍ക്കു പകരം വോട്ടര്‍മാര്‍ നവസാമൂഹിക രാഷ്ട്രീയ ബദലുകള്‍ക്ക് അവസരം നല്‍കണം.

ഇര്‍ഷാദ് മൊറയൂര്‍
( സോഷ്യല്‍ മീഡിയ
ആക്റ്റിവിസ്റ്റ്)

ഈ തിരഞ്ഞെടുപ്പില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചു പരിചയമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും ദേശീയ-സംസ്ഥാന നേതാക്കളെ വാര്‍ഡില്‍ ഇറക്കി വോട്ട് പിടിക്കേണ്ട ഗതികേടിലാണ്. ഫഌക്‌സ് ബോര്‍ഡുകളില്‍ തങ്ങള്‍ കൊണ്ടുവന്ന വികസനത്തിന്റെ കള്ളക്കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ചുട്ട മറുപടികൊടുക്കുന്ന ഈ കാലത്ത് ആരു ജയിക്കുമെന്നതു സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു പോലും കൃത്യമായി നിര്‍വചിക്കാന്‍ സാധിക്കുന്നില്ല.
നിരക്ഷരരെ വിലയ്‌ക്കെടുത്തവര്‍ക്ക് ഇന്ന് വിദ്യാസമ്പന്നരെയും യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്ന നവരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഭയമാണ്. ചൂഷണങ്ങളുടെ തോത് അതിരുകടക്കുമ്പോള്‍ ചൂഷിതര്‍ സമരത്തിനിറങ്ങും എന്നുള്ളതാണ് ഈ തിരഞ്ഞെടുപ്പിന്റെ പാഠം.
Next Story

RELATED STORIES

Share it