തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് ചോര്‍ച്ചാ ഭീഷണിയില്‍ മുന്നണികള്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ മുന്നണികളെല്ലാം ശക്തമായ പ്രചാരണത്തിലാണ്. അതോടൊപ്പം തന്നെ മുന്നണിനേതൃത്വങ്ങള്‍ ആശങ്കയിലുമാണ്. വോട്ട് ചോര്‍ച്ചയാണ് മുന്നണികളെ അങ്കലാപ്പിലാക്കുന്നത്. സീറ്റ് വിഭജനത്തിലെ പാകപ്പിഴകള്‍ കൊണ്ട് പ്രധാന മുന്നണികള്‍ക്കെല്ലാം വിമതഭീഷണിയുണ്ട്. മാത്രമല്ല, പ്രവര്‍ത്തകര്‍തന്നെ തിരിഞ്ഞുനില്‍ക്കുന്ന അവസ്ഥ പല മുന്നണികള്‍ക്കുമുണ്ട്. ഈ സാഹചര്യങ്ങളില്‍ വോട്ടുകള്‍ ചോര്‍ന്നാല്‍ കണക്കുകൂട്ടലുകള്‍ പിഴയ്ക്കും. എങ്ങനെയും ഇതിന് തടയിടാനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വം.
ജില്ലയില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഏറ്റവുമധികം നേരിടേണ്ടി വരുന്നത് യുഡിഎഫിനാണ്. മേയര്‍ സ്ഥാനാര്‍ഥിക്കടക്കം വിമത സ്ഥാനാര്‍ഥി ഐക്യമുന്നണിക്കുണ്ട്. കൂടാതെ, ഘടകകക്ഷികളുടെ അസംതൃപ്തിയും ചിലരുടെ വിട്ടുപോക്കും യുഡിഎഫിനെ അലട്ടുന്നുണ്ട്. സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ജെഎസ്എസ് ഇടഞ്ഞുനില്‍ക്കുകയാണ്. സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് ജനതാദളിലെ ഒരുവിഭാഗം പാര്‍ട്ടിവിട്ട് ഇടതുപക്ഷത്ത് ചേര്‍ന്നതും യുഡിഎഫിന് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി വോട്ട് ചോരുമെന്ന ഭയത്തിലാണ് യുഡിഎഫ് നേതൃത്വം.
എല്‍ഡിഎഫിനും സമാനമായ അവസ്ഥയാണ്. പൊതുവെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഉള്‍പ്പോര് രൂക്ഷമാണ്. സിപിഎം-സിപിഐ ഐക്യം ജില്ലയില്‍ പലയിടങ്ങളിലും നഷ്ടമായി. വര്‍ഷങ്ങളായി സിപിഐ മല്‍സരിച്ചിരുന്ന വാര്‍ഡുകള്‍ സിപിഎം ഏറ്റെടുത്തതാണ് ഉള്‍പ്പോരിന് പ്രധാന കാരണം. കൂടാതെ, വര്‍ഷങ്ങളായി പാര്‍ട്ടിപ്രവര്‍ത്തകരായിരുന്നവരെ പരിഗണിക്കാതെ ചില വാര്‍ഡുകളില്‍ പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികളെയും മറ്റു പാര്‍ട്ടികള്‍ വിട്ടു വന്നവരെയും പരിഗണിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പിന് വഴിവച്ചിട്ടുണ്ട്. ബിജെപിക്കും ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. എസ്എന്‍ഡിപിയുമായി പാര്‍ട്ടി അടുക്കുമ്പോള്‍ മറ്റു സമുദായങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതിയുണ്ട്. പ്രചാരണത്തില്‍ ഉള്‍പ്പെടെ തുടക്കത്തില്‍ ഉണ്ടായിരുന്ന ആവേശം ബിജെപിക്കും നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്ന വിലയിരുത്തലാണുള്ളത്.
Next Story

RELATED STORIES

Share it