Flash News

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം ; ഏഴു ജില്ലകളില്‍ ഇന്നു കൊട്ടിക്കലാശം

കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നു വൈകീട്ട് 5 മണിക്ക് അവസാനിക്കും. ഇന്നു വൈകീട്ടും നാളെയും നിശ്ശബ്ദ പ്രചാരണം.
പരമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികള്‍. വ്യാഴാഴ്ച 1.38 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. വിമത സ്ഥാനാര്‍ഥികളുടെ വെല്ലുവിളികളും സൗഹൃദമല്‍സരവും ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് യുഡിഎഫിനെയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ തിരഞ്ഞെടുപ്പുവിജയം യുഡിഎഫിനും എല്‍ഡിഎഫിനും നിര്‍ണായകമാണ്.
പ്രചാരണത്തില്‍ കൂടുതലും വിഷയമായത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളായിരുന്നു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ആകെ 19,328 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാകുന്നത്. പഞ്ചായത്ത് 16681, നഗരമേഖല 2647 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ വിന്യാസം. കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ 5നാണ് വോട്ടെടുപ്പ്. കൊച്ചിയില്‍ 403ഉം തൃശൂരില്‍ 245ഉം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നു. പുതിയ 14 മുനിസിപ്പാലിറ്റികളിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്.
Next Story

RELATED STORIES

Share it