തദ്ദേശ തിരഞ്ഞെടുപ്പ്; പരാജയകാരണം നേതാക്കളുടെ തലക്കനമെന്ന് ആന്റണി

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവാന്‍ കാരണം നേതാക്കളുടെ തലക്കനവും അമിതമായ ആത്മവിശ്വാസവുമാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം കോണ്‍ഗ്രസ് നേതാക്കളിലും പ്രവര്‍ത്തകരിലുമുണ്ടായ അമിതമായ ആത്മവിശ്വാസവും തലക്കനവുമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് പോയപ്പോള്‍ തനിക്ക് വലിയ സന്തോഷമായിരുന്നു. കേരളത്തിലാകെ യുഡിഎഫിന് അനുകൂലമായ ഒരന്തരീക്ഷം പടര്‍ന്നുപിടിച്ചെന്ന് തോന്നി. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അതാകെ മാറി. അപ്പോള്‍ ദുഃഖം തോന്നി. അമിതമായി അഹങ്കരിച്ചാല്‍ നാശമുണ്ടാവുമെന്നതിന്റെ തെളിവായിരുന്നു അത്. എല്ലാവരെയും കൂട്ടിച്ചേര്‍ത്തുകൊണ്ട് പോവണമെന്ന ചിന്ത പലര്‍ക്കുമുണ്ടായില്ല.
എന്നാല്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി. അരുവിക്കര ഉപതിരഞ്ഞെടുപ്പിനു മുമ്പുള്ള അവസ്ഥയിലേക്കെത്തി. സോണിയാ ഗാന്ധിയുടെ വരവ് കോണ്‍ഗ്രസ്സില്‍ എന്തോ മായാജാലമുണ്ടാക്കിയിട്ടുണ്ട്. സുധീരന്റെ നേതൃത്വത്തിലുള്ള കേരള രക്ഷായാത്രയില്‍ അതു പ്രകടമാണെന്നും ആന്റണി പറഞ്ഞു.
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആവശ്യങ്ങളില്‍ 90 ശതമാനവും നടപ്പാക്കിയത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാരുകളായിരുന്നു. ജീവനക്കാരെ ചാവേറുകളായല്ല; ബന്ധുക്കളായാണ് യുഡിഎഫ് സര്‍ക്കാരുകള്‍ കണ്ടിട്ടുള്ളത്. ശമ്പള പരിഷ്‌കരണ കമ്മീഷന്റെ റിപോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അഭിപ്രായങ്ങള്‍കൂടി കണക്കിലെടുക്കണം. പെന്‍ഷന്‍കാരുടെ സൗജന്യ ചികില്‍സാപദ്ധതിയില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കണം. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതൊഴികെയുള്ള ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും എല്ലാ ആവശ്യങ്ങളോടും തനിക്ക് അനുകൂല നിലപാടാണുള്ളതെന്നും ആന്റണി വ്യക്തമാക്കി.
പത്താന്‍കോട്ട് കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും നുഴഞ്ഞുകയറ്റത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും പ്രതിരോധിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോടു വിശദീകരിക്കണം. രാജ്യം ഇന്ന് അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണു കടന്നുപോവുന്നത്. ഇന്ത്യയുടെ റിപബ്ലിക്ക് ദിനാഘോഷം റെഡ് അലര്‍ട്ടിലാണ്. ഇത് എങ്ങനെ സംഭവിച്ചെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ആന്റണി പറഞ്ഞു.
Next Story

RELATED STORIES

Share it