Flash News

തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. കരുത്തു കാട്ടും: നാസറുദ്ദീന്‍ എളമരം

തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. കരുത്തു കാട്ടും: നാസറുദ്ദീന്‍ എളമരം
X
nasarudheen-elamaram-doha

ദോഹ: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ.) നിര്‍ണായക ശക്തിയാവുമെന്ന് എസ്.ഡി.പി.ഐ ദേശീയ സമിതി അംഗം നാസറുദ്ദീന്‍ എളമരം. കേരളത്തില്‍ 2000ഓളം സീറ്റുകളില്‍ പാര്‍ട്ടി മല്‍സരിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം പരിഗണിക്കുമ്പോള്‍ അതില്‍ 300ഓളം ഇടങ്ങളില്‍ പാര്‍ട്ടി നിര്‍ണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹം ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
അഞ്ചു വര്‍ഷം മുമ്പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 80,000ഓളം വോട്ടുകളായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് 2.75 ലക്ഷമായി ഉയര്‍ന്നു. ഈ തിരഞ്ഞെടുപ്പില്‍ ജനപക്ഷ രാഷ്ട്രീയത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുമെന്നാണു കരുതുന്നത്.
ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ മതേതര ഘടനയെ തകര്‍ക്കുന്ന രീതിയില്‍ ശക്തമായ കടന്നുകയറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ യോജിച്ച് നിന്ന് ശക്തമായ എതിര്‍ക്കുന്നതില്‍ സാഹിത്യ ലോകത്ത് നിന്നുണ്ടാകുന്ന ശ്രമങ്ങള്‍ പോലും ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് നാസറുദ്ദീന്‍ ആരോപിച്ചു. ജനങ്ങളുടെ ഭക്ഷണം, വസ്ത്രം എന്നു വേണ്ട ചിന്തയെപ്പോലും ഒരു പ്രത്യേക വിഭാഗം നിയന്ത്രിക്കുന്നിടത്തേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനെതിരേ ബദല്‍ ചേരി ഉണ്ടാവണം. ഇതിന് വേണ്ടി പാര്‍ട്ടി ദേശീയ തലത്തില്‍ സമാന മനസ്‌കരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഒഴികെയുള്ള കക്ഷികളുമായി പ്രദേശിക സാഹചര്യങ്ങള്‍ക്കനുസിരിച്ചുള്ള നീക്കുപോക്കുകള്‍ പാര്‍ട്ടി നടത്തുന്നുണ്ട്. സമാന മനസ്‌കരായ ചെറുപാര്‍ട്ടികളുമായി യോജിക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. ഇടതു, വലതു മുന്നണികളുടെ കൂട്ടുകച്ചവടത്തിനും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനും എതിരായ വിധിയെഴുത്ത് ജനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വോട്ട് ഭിന്നിക്കുമെന്ന് ഭീഷണിപ്പെടുത്തി കാലങ്ങളായി മുഖ്യധാരാ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. അതേ സമയം, ഭൂരിപക്ഷത്തിന്റെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഏകീകരിക്കുപ്പെടുന്നതിനെ തടയാനുള്ള ഒന്നും അവര്‍ ചെയ്യുന്നുമില്ല. ന്യൂനപക്ഷങ്ങളുടെ മതേതരമായ ആവശ്യങ്ങള്‍ പോലും മുഖ്യധാരാ പാര്‍ട്ടികള്‍ നിരാകരിക്കുന്നു. അറബിക് സര്‍വ്വകലാശാലയുടെ കാര്യം നാസറുദ്ദീന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. അതു കൊണ്ടാണ് സ്വന്തം കാലില്‍ നിന്ന് അവകാശങ്ങള്‍ പിടിച്ചു വാങ്ങാനുള്ള കരുത്ത് നേടണമെന്ന് എസ്.ഡി.പി.ഐ പറയുന്നത്. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുന്ന എസ്.ഡി.പി.ഐക്ക് 6 വര്‍ഷം കൊണ്ട് 14 സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചു. എട്ട് സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭരണ സമിതികളില്‍ സാന്നിധ്യമുണ്ട്. കഴിഞ്ഞ കര്‍ണാടക നിയമഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയതായും അദ്ദേഹം പറഞ്ഞു.
വികസനം ജനങ്ങള്‍ക്കു വേണ്ടിയാവണം എന്നാണ് പാര്‍ട്ടി നിലപാട്. അതു കൊണ്ടാണ് കുത്തകകള്‍ക്കു വേണ്ടിയുള്ള ഗെയില്‍, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തെറ്റായ രീതിയിലുള്ള റോഡ് വികസനം പോലുള്ള പദ്ധതികള്‍ക്കെതിരേ പാര്‍ട്ടി പ്രക്ഷോഭ രംഗത്തു വന്നത്.
പിന്നാക്ക വിഭാഗക്കാരുടെ ഒപ്പം നില്‍ക്കേണ്ട വെള്ളാപ്പള്ളിയെ ഹിന്ദുത്വ ചേരിയിലേക്കു തള്ളിവിട്ടതില്‍ ഇടതു, വലതു മുന്നണികള്‍ക്ക് ഒരു പോലെ ഉത്തരവാദിത്തമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി നാസറുദ്ദീന്‍ എളമരം പറഞ്ഞു.
ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സലാം കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് കെ സി മുഹമ്മദലി, തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി കെ നൗഫല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it