malappuram local

തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10 ന് നടക്കും. ഒക്‌ടോബര്‍ 31, നവംബര്‍ അഞ്ച് തിയ്യതികളില്‍ ഭരണസമിതിയുടെ കാലാവധി അവസാനിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. 11 നകം ഭരണസ്ഥിതിയുടെ കാലാവധി പൂര്‍ത്തിയാക്കാത്ത ജില്ലയിലെ 17 തദ്ദേശ സ്ഥാപനങ്ങളില്‍ പിന്നീടാണ് സത്യപ്രതിജ്ഞ.
ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭാ കൗണ്‍സിലുകളുടെയും ആദ്യ അംഗത്തെ പ്രതിജ്ഞ ചെയ്യിക്കേണ്ടത് ബന്ധപ്പെട്ട വരണാധികാരികളാണ്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവുംപ്രായം കൂടിയ അംഗത്തെയാണ് ആദ്യം പ്രതിജ്ഞ ചെയ്യിക്കേണ്ടത്. ഈ അംഗമാണ് പിന്നീട് മറ്റുള്ളവരെ പ്രതിജ്ഞ ചെയ്യിക്കുക.
പ്രതിജ്ഞ എടുത്തതിനു ശേഷം അംഗങ്ങള്‍ സത്യപ്രതിജ്ഞാ രജിസ്റ്ററിലും കക്ഷിബന്ധ രജിസ്റ്ററിലും ഒപ്പുവയ്ക്കണം. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.
യോഗത്തില്‍ പ്രസിഡന്റ്/ചെയര്‍പെഴ്‌സന്‍/ വൈസ് പ്രസിഡന്റ്/വൈസ് ചെയര്‍പെഴ്‌സന്‍ സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. അതോടൊപ്പം, തിരഞ്ഞെടുപ്പ് സംബന്ധിച്ച് വരണാധികാരി തീയതിയും സമയവും കാണിച്ച് അംഗങ്ങള്‍ക്ക് നിശ്ചിത മാതൃകയില്‍ നോട്ടീസ് നല്‍കും. കാലാവധി പൂര്‍ത്തിയാകാത്ത ജില്ലയിലെ 17 തദ്ദേശ സ്ഥാപനങ്ങളുടെ സത്യപ്രതിജ്ഞ താഴെ പറയുന്ന തീയതികളില്‍ നടക്കും.
ഗ്രാമപ്പഞ്ചായത്തുകള്‍ നന്നംമുക്ക് (നവംബര്‍ 16), പുലമാന്തോള്‍, എടപ്പാള്‍ (നവംബര്‍ 19), കാവനൂര്‍ (നവംബര്‍ 26), ആലങ്കോട് (നവംബര്‍ 29), എടവണ്ണ (ഡിസംബര്‍ അഞ്ച്), പുല്‍പ്പറ്റ (ഡിസംബര്‍ 17), മമ്പാട്, അമരമ്പലം (ഡിസംബര്‍ 19), ചോക്കാട് (ഡിസംബര്‍ 26), തൃക്കലങ്ങോട് (2016 ജനുവരി 16), മംഗലം, വെട്ടം, തിരുനാവായ, മക്കരപ്പറമ്പ് (2016 ഫെബ്രുവരി ഒന്ന്), വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് (2015 ഡിസംബര്‍ 22), തിരൂര്‍ ബ്ലോക്ക് (2016 ഫെബ്രുവരി ഒന്ന്).
Next Story

RELATED STORIES

Share it