kasaragod local

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; പ്രചാരണരംഗം ഇന്നു മുതല്‍ ചൂടേറും

കാഞ്ഞങ്ങാട്: ജില്ലയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രമുഖ കക്ഷികളുടെ സ്ഥാനാര്‍ഥികള്‍ ഇന്നും നാളെയുമായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസിന്റെ ഭൂരിഭാഗം സ്ഥാനാര്‍ഥികളും ഇന്ന് നാമനിര്‍ദ്ദേശപത്രിക നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥികളെ പ്രകടനമായി ടൗണിലൂടെ ആനയിച്ച് പ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പുവരുത്തി പത്രിക സമര്‍പ്പിക്കാനാണ് മണ്ഡലം കമ്മിറ്റികളുടെ നിര്‍ദ്ദേശം. എല്‍.ഡി.എഫിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവും ഏകദേശം പൂര്‍ത്തിയായി. തര്‍ക്കമുള്ള വാര്‍ഡുകളിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാനാണ് നിര്‍ദ്ദേശം.

ബി.ജെ.പി-എസ്.എന്‍. ഡി.പി ഐക്യമുണ്ടെങ്കിലും ജില്ലയില്‍ ബി.ജെ.പി സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ എസ്.എന്‍.ഡി.പിക്ക് സ്വാധീനമുള്ള കിനാനൂര്‍-കരിന്തളം, ബളാല്‍, മടിക്കൈ, പിലിക്കോട് പഞ്ചായത്തുകളില്‍ ബി.ജെ.പി നേതൃത്വം എസ്. എന്‍.ഡി.പിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ബി.ജെ.പി ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ശ്രീകാന്താണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥി. ഇദ്ദേഹം എടനീര്‍ ഡിവിഷനില്‍ നിന്ന് മല്‍സരിക്കും. ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ഷെട്ടി കുഞ്ചത്തൂര്‍ വോര്‍ക്കാടി ഡിവിഷനിലും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി ആര്‍ സുനില്‍ കുമ്പളയിലും മല്‍സരിക്കും. മുസ്്‌ലിംലീഗില്‍ കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളില്‍ ഉള്‍പ്പെടെ തര്‍ക്കം നിലനില്‍ക്കുകയാണ്. പാര്‍ട്ടി മല്‍സരിക്കാന്‍ നിര്‍ദ്ദേശിച്ച മുതിര്‍ന്ന അംഗങ്ങള്‍ മാറി നില്‍ക്കുന്നത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റികളില്‍ തര്‍ക്കത്തിനിടയാക്കിയിട്ടുണ്ട്.

എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി, പി.ഡി.പി എന്നിവയും ഇക്കുറി സജീവമായി രംഗത്തുണ്ട്. ഭര്‍ത്താക്കന്മാര്‍ക്ക് പിറകെ ഭാര്യമാരെ സ്ഥാനാര്‍ഥികളാക്കുന്നത് ഇരുമുന്നണികളിലെ പ്രവര്‍ത്തകരിലും അമര്‍ഷമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളില്‍ മതിപ്പുള്ള സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ച് പരമാവധി സീറ്റ് നേടാനാണ് എല്‍.ഡി.എഫും യു.ഡി. എഫും ബി.ജെ.പിയും പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ചെറുമുന്നണികള്‍ മല്‍സരരംഗത്ത് സജീവമാകുന്നത് മുന്നണികള്‍ക്കെല്ലാം തലവേദനയായിട്ടുണ്ട്.
Next Story

RELATED STORIES

Share it