wayanad local

തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്ക് ശില്‍പശാല തുടങ്ങി

കല്‍പ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന വികസനവും ചുമതലകളും സാധാരണക്കാരില്‍ എത്തിക്കുന്നതിന് ജനപ്രതിനിധികളുടെ കാര്യക്ഷമമായ ഇടപെടലുകള്‍ അനിവാര്യമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ആസൂത്രണഭവനില്‍ ജനപ്രതിനിധികള്‍ക്കായി നടത്തുന്ന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പ്രാദേശിക ജനതയോട് അടുത്തുനില്‍ക്കുന്ന ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ അര്‍ഹരായവര്‍ക്ക് ആവശ്യമായ സേവനം ഉറപ്പുവരുത്തുക കൂടിയാണ് ഓരോ ജനപ്രതിനിധികളുടെയും കടമയെന്നും അവര്‍ പറഞ്ഞു. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുകയും സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികള്‍ താഴെത്തട്ടിലെ സാധാരണക്കാരില്‍ ജനപ്രതിനിധികള്‍ മുഖേന എത്തിക്കുകയുമാണ് ശില്‍പശാല ലക്ഷ്യമിടുന്നത്.
കല്‍പ്പറ്റ, ബ്ലോക്ക് പരിധിയിലെ വൈത്തിരി, പൊഴുതന, തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി, ഗ്രാമപ്പഞ്ചായത്തുകളിലെയും കല്‍പ്പറ്റ നഗരസഭയിലെയും ജനപ്രതിനിധികള്‍ക്കാണ് ആദ്യഘട്ട ശില്‍പശാല. പൊതുഭരണം, സദ്ഭരണം, ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ്, പ്രാദേശിക ആസൂത്രണം, പൗരഭരണം, സ്ഥാപനങ്ങളും സേവനങ്ങളും, അയല്‍സഭ രൂപീകരണം, അടിസ്ഥാന കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍ നടന്നത്.
ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശമാണുള്ളതെന്നു ശില്‍പശാല വ്യക്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിഷിപ്തമായ ചുമതലകള്‍, ഉത്തരവാദിത്തങ്ങള്‍, നിയമ നടപടിക്രമങ്ങള്‍ എന്നിവ പാലിച്ച് പദ്ധതികള്‍ നിര്‍വഹിക്കാനുള്ള അവകാശമാണ് സ്വയംഭരണാവകാശം. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരമാധികാരമില്ല. ചുമതലയിലോ അധികാരപരിധിയിലോ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ ചെയ്യാനുള്ള അധികാരമാണ് പരമാധികാരം. ഗ്രാമപ്പഞ്ചായത്ത്, നഗരസഭ എന്നിവയുടെ നേതൃത്വത്തില്‍ അതാതു തദ്ദേശഭരണ സ്ഥാപന പരിധിയിലെ പൊതുജനങ്ങള്‍ക്ക് അനിവാര്യമായ സേവനങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. പൊതുജനാരോഗ്യം, അടിസ്ഥാനസൗകര്യം, റോഡ്- ജലാശയം, ജലമാര്‍ഗം തുടങ്ങിയ പൊതുമുതല്‍ സംരക്ഷണം, കെട്ടിടം-ജനന-മരണനിരക്ക് ഉള്‍പ്പെട്ട നിയന്ത്രണ ചുമതലകള്‍ എന്നിവയാണ് അനിവാര്യ സേവനങ്ങള്‍. കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ വികസനം, മല്‍സ്യബന്ധനം, സാമൂഹിക സംരക്ഷണം തുടങ്ങിയവയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ മേഖലകള്‍.
നാടിന്റെ വികസനത്തിന് ജനപങ്കാളിത്തം ഉറപ്പുവരുത്തി ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമസഭ, വാര്‍ഡ് സഭ, അയല്‍സഭ, വാര്‍ഡ് കമ്മിറ്റികള്‍ തുടങ്ങിയവ രൂപീകരിച്ച് പ്രാദേശിക ഭരണസംവിധാനം ശക്തിപ്പെടുത്താം. ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും വികസന പ്രവൃത്തികള്‍ നടപ്പാക്കാനും പ്രാദേശിക സംവിധാനത്തിലൂടെ സാധ്യമാണ്. പ്ലാനിങ് ഓഫിസര്‍ ആര്‍ മണിലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി സംസാരിച്ചു. കില ഫാക്കല്‍റ്റികളായ ബെന്നി ജോസഫ്, ടി എം ഷിഹാബ് വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
Next Story

RELATED STORIES

Share it