Flash News

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണ സമിതികള്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിളെ ഭൂരിപക്ഷം ഭരണ സമിതിയുടെ കാലാവധി ഇന്ന്് അവസാനിച്ചതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണസമിതി രൂപീകരിക്കുന്നതുവരെയുള്ള കാലയളവില്‍ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും ഭരണ നിര്‍വഹണത്തിന് കേരള പഞ്ചായത്തിരാജ് ആക്ടിലെയും, കേരള മുനിസിപ്പാലിറ്റി ആക്ടിലെയും ബാധകമായ വകുപ്പുകള്‍ പ്രകാരം നിയമിക്കപ്പെട്ട ഭരണ നിര്‍വഹണ സമിതികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഓരോ പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഭരണ നിര്‍വഹണ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.
ഈ സമിതികള്‍ക്ക് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരമുണ്ടായിരിക്കില്ല.
ബന്ധപ്പെട്ട പഞ്ചായത്തിലെ മുനിസിപ്പാലിറ്റിയിലെ മറ്റ് പതിവ് കാര്യക്രമങ്ങള്‍ സമിതിക്ക് നിര്‍വഹിക്കാം. ഒരു ഭരണ നിര്‍വഹണ സമിതയിലെ ഉദ്യോഗസ്ഥന് ഒന്നിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ചുമതലയൊ അധികാരാതിര്‍ത്തിയോ ഉള്ള പക്ഷം ആ തദ്ദേശസ്ഥാപനങ്ങളിലും ഭരണ നിര്‍വഹണ സമിതികളില്‍ അംഗമായി പ്രവര്‍ത്തിക്കാം. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, യാത്രബത്ത എന്നിവയുടെ വിതരണം, വൈദ്യുതി, കുടിവെള്ളം, ഇന്ധനം, ടെലഫോണ്‍, വാടക ബില്ലുകള്‍, പരസ്യതുക, മണല്‍ ഖനന ചെലവുകള്‍, നികുതികള്‍ എന്നിവ ഒടുക്കുക. കാലാവധി അവസാനിച്ച തദ്ദേശസ്വയംഭരണ സ്ഥാപനഭരണസമിതി അംഗങ്ങളുടെ ഹോണറേറിയം, സിറ്റിംഗ് ഫീസ്, യാത്രാബത്ത എന്നിവ നല്‍കുക. വായ്പയും, പലിശയും തിരിച്ചടയ്ക്കുക, വാര്‍ഷിക അറ്റകുറ്റപ്പണിക്കുള്ള കരാര്‍ തുക നിശ്ചിത സമയമായിട്ടുണ്ടെങ്കില്‍ അടയ്ക്കുക. ജില്ലാ കളക്ടര്‍മാരുടെ വ്യക്തമായ നിര്‍ദ്ദേശമുള്ള പക്ഷം ഭൂമി ഏറ്റെടുത്തതിനുള്ള തുക വിതരണം ചെയ്യുക. നിലവിലുള്ള ഹൗസിംഗ്, പെന്‍ഷന്‍, ക്ഷേമ പദ്ധതികള്‍ക്കുള്ള വിഹിതം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനം തുടങ്ങിയവ വിതരണം ചെയ്യുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള അംഗന്‍വാടികള്‍, ബാലവാടികള്‍, നഴ്‌സറികള്‍ എന്നിവയില്‍ ആഹാരം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസാക്കുക, ഹോസ്റ്റലുകളിലെ അടിയന്തിര ചെലവുകള്‍ നടത്തുക, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, അജ്ഞാത മൃതദേഹങ്ങള്‍ മറവു ചെയ്യല്‍, മാലിന്യ നിര്‍മാര്‍ജ്ജനം, ബാലഭവനുകള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയുടെ നടത്തിപ്പ് ചെലവ്, ദിവസ വേതനക്കാരുടെയും സി.എല്‍.ആര്‍. വേതനക്കാരുടെയും വേതന വിതരണം, സമയപരിധി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള കോടതി വിധിയുടെയും, ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ പെറ്റീഷന്‍/സ്യൂട്ട്/അപ്പീല്‍ എന്നിവയില്‍ തീരുമാനമെടുക്കുക, തിരഞ്ഞെടുപ്പ് ചെലവുകള്‍ ഒടുക്കുക തുടങ്ങിയവ ഭരണ നിര്‍വഹണ സമിതിയുടെ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടും.

നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരാണ് ഭരണ നിരവഹണ സമിതി യോഗം വിളിച്ചുകൂട്ടേണ്ടത്. എല്ലാം അംഗങ്ങളും ചേര്‍ന്ന് ഐകകണ്‌ഠ്യേന തീരുമാനങ്ങള്‍ കൈക്കൊള്ളണം. തീരുമാനങ്ങള്‍ ഉടനടി മിനിട്‌സ് ബുക്കില്‍ രേഖപ്പെടുത്തി അവിടെ വച്ചു തന്നെ മൂന്ന് അംഗങ്ങളും ഒപ്പ് വയ്‌ക്കേണ്ടതാണ്. നവമ്പര്‍ ഒന്നിന് കാലാവധി അവസാനിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ പതിവ് കാര്യക്രമങ്ങള്‍ നിര്‍വഹിക്കും. ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലൊ നിര്‍ദ്ദേശങ്ങളൊ വ്യക്തതയൊ ആവശ്യമെങ്കില്‍ ഭരണ നിര്‍വഹണ സമിതികള്‍ സര്‍ക്കാരിനെ സമീപിക്കേണ്ടതാണെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.
Next Story

RELATED STORIES

Share it