kasaragod local

തദ്ദേശഭരണ തിരഞ്ഞെടുപ്പ്; കാസര്‍കോട്ട് അവകാശവാദങ്ങളുമായി മുന്നണികള്‍

കാസര്‍കോട്: ത്രിതല തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ കാസര്‍കോട് ജില്ലയില്‍ അവകാശവാദങ്ങളുമായി മുന്നണികളും ബിജെപിയും. 38 പഞ്ചായത്തുകളും 6 ബ്ലോക്ക് പഞ്ചായത്തുകളും 3 നഗരസഭകളുമാണ് ജില്ലയിലുള്ളത്. കഴിഞ്ഞ തവണ 18 പഞ്ചായത്തുകള്‍ യുഡിഎഫും 17 എല്‍ഡിഎഫും 3 ബിജെപിയും നേടിയിരുന്നു. 6 ബ്ലോക്കുകളില്‍ മൂന്നുവീതം യുഡിഎഫും എല്‍ഡിഎഫും ഭരിക്കുന്നു.
ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിനാണ് ഭരണം. നഗരസഭകളില്‍ 2 യുഡിഎഫും 1 എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ ഇരുമുന്നണികളും സജീവമായി രംഗത്തുണ്ട്. 17 ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. ഡിവിഷനുകള്‍ മാറിമറിഞ്ഞതോടെ ഭരണം പിടിച്ചെടുക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. എല്‍ഡിഎഫില്‍നിന്ന് മുന്‍ എംഎല്‍എ എം നാരായണന്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഇ പത്മാവതി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. വി പി പി മുസ്തഫ എന്നിവര്‍ മാറ്റുരക്കുന്നുണ്ട്.
യുഡിഎഫില്‍നിന്ന് ജില്ലാ ലീഗ് സെക്രട്ടറി എ ജി സി ബഷീര്‍, ഡിസിസി ഖജാഞ്ചി പാദൂര്‍ കുഞ്ഞാമു ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുംതാസ് സമീറ, മീനാക്ഷി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നു. ബിജെപിയും സജീവമാണ്. എസ്ഡിപിഐ, പിഡിപി കക്ഷികള്‍ക്കും ചില സ്ഥലങ്ങളില്‍ ശക്തമായ അടിത്തറയുണ്ട്. നീലേശ്വരം നഗരസഭയിലാണ് വാശിയേറിയ മല്‍സരം. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും രംഗത്തുണ്ട്.
മുന്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ പ്രഫ. പി ജയരാജനാണ് എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. ചില സ്ഥലങ്ങളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും വിമത ഭീഷണിയുണ്ട്. ജില്ലാ പഞ്ചായത്തിലെ വോര്‍ക്കാടി ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി അര്‍ഷാദ് വോര്‍ക്കാടിക്കെതിരേ മുന്‍ മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി എം കെ മുഹമ്മദ് മല്‍സരിക്കുന്നുണ്ട്. കാസര്‍കോട് നഗരസഭയില്‍ ലീഗില്‍നിന്ന് രാജിവച്ച ഒരു മുന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഒരുവിഭാഗം വികസന മുന്നണി രൂപീകരിച്ച് എല്‍ഡിഎഫുമായി സഹകരിച്ചു മല്‍സരിക്കുന്നു. ബിജെപിക്ക് ജില്ലാ പഞ്ചായത്തില്‍ ഒരംഗമുണ്ട്. എടനീര്‍, ദേലമ്പാടി ഡിവിഷനുകളില്‍ ശക്തമായ ത്രികോണ മല്‍സരത്തിലാണ്.
യുഡിഎഫിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എല്‍ഡിഎഫിന് വേണ്ടി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവരും ജില്ലയില്‍ പര്യടനം നടത്തിയിരുന്നു. കാര്യമായ അടിയൊഴുക്കുകളില്ല. എന്നാല്‍ മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ പ്രാദേശികമായ പ്രശ്‌നങ്ങള്‍ ഇരുമുന്നണികളെയും ആഴയക്കുഴപ്പത്തിലാക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ ഈസ്റ്റ് എളേരിയില്‍ നിലവിലുള്ള പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍നിന്ന് ജനകീയ വികസന മുന്നണി രൂപീകരിച്ച് യുഡിഎഫിനെതിരേ രംഗത്തിറങ്ങിയത് യുഡിഎഫിന് വെല്ലുവിളിയാണ്.
Next Story

RELATED STORIES

Share it