kozhikode local

തണ്ണീര്‍ത്തടങ്ങള്‍ കുട്ടികളുടെ കണ്ണില്‍; ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: നഷ്ടമായി കൊണ്ടിരിക്കുന്ന പാടങ്ങളും അരുവിയും ഞാറ്റുവേലയും നമുക്ക് അന്നം തരുന്ന കര്‍ഷകരും ഉള്‍പ്പെട്ട പ്രകൃതിയെ അതി മനോഹരമായി വരച്ച് കുട്ടികള്‍ വിസ്മയിപ്പിച്ചിരിക്കുന്നു. അത് കാര്‍ഷിക സംസ്‌കാരത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്കുന്നതോടൊപ്പം അനിവാര്യമായ കലാസാക്ഷരതയില്‍ കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ മുന്നേറിയിരിക്കുന്നുവെന്നുള്ളത് ആഹഌദം ജനിപ്പിക്കുന്നുവെന്ന് മുന്‍ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി എംഎല്‍എ അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ ലോക തണ്ണീര്‍തട ദിനാചരണത്തിന്റെ ഭാഗമായി ദര്‍ശനം സാംസ്‌കാരിക വേദി സംഘടിപ്പിച്ച തണ്ണീര്‍ത്തട ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ ചിത്രരചന മല്‍സരത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പരിസ്ഥിതി ചിത്രങ്ങളും, പ്രശസ്ത ചിത്രകാരന്മാരായ പോള്‍ കല്ലാനോട്, സുനില്‍ അശോകപുരം, ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, അജയന്‍ കാരാടി, സന്തോഷ് നിലമ്പൂര്‍, ഇ സുധാകരന്‍, മഹേഷ്, ജോസഫ് എം വര്‍ഗീസ്, എന്നിവരുടെ തണ്ണീര്‍ത്തട പെയിന്റിംഗുകളുമാണ് പ്രദര്‍ശനത്തിനുള്ളത്. ചടങ്ങില്‍ പോള്‍ കല്ലാനോട് അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 7ന് നടക്കുന്ന ജൈവ നെല്‍കൃഷി വിത്ത് വിതയ്ക്കലും, അതിനോടനുബന്ധിച്ചുള്ള സെമിനാറോടും കൂടി ചിത്രപ്രദര്‍ശനം സമാപിക്കും.
Next Story

RELATED STORIES

Share it