malappuram local

തണ്ണിക്കടവ് സ്‌കൂളില്‍ തീപ്പിടിത്തം; സംഭവത്തില്‍ ദുരൂഹത

എടക്കര: പോളിങ് ബൂത്തായി നിശ്ചയിച്ചിരുന്ന സ്‌കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ തീപ്പിടിത്തം. വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് സ്‌കൂളിലാണ് തീപ്പിടിത്തമുണ്ടായത്. അധ്യാപകരുടെ മുറിയിലും ഒരു ക്ലാസ് റുമിലുമാണ് തീ പടര്‍ന്നത്. വൈകീട്ട് ആറ് മണിയോടെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു തീയും പുകയും ഉയരുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഓടിക്കൂടിയ ആളുകള്‍ അധ്യാപകരുടെ മുറിയുടെ പിറകുവശത്തുളള ജനലിലൂടെ ഉളളില്‍ കടന്നാണ് തീ കെടുത്തിയത്.
മുറിയിലുണ്ടായിരുന്ന കസേര, മേശ, അധ്യാപകരുടെ കൈപുസ്തകങ്ങള്‍, സ്‌കൂള്‍ രേഖകള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. കുറെ രേഖകള്‍ മുറിയില്‍ ചിതറിക്കിടക്കുന്നുണ്ട്. അധ്യാപകരുടെ മുറിയോട് ചേര്‍ന്ന ക്ലാസ് മുറിയിലും പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. മേല്‍ക്കൂരയിലേക്ക് എത്താതെ നാട്ടുകാര്‍ തീ കെടുത്തിയതിനാല്‍ വന്‍ നഷ്ടം ഒഴിവായി. മാവോവാദി സാന്നിധ്യം കണ്ടെത്തിയ പ്രദേശമാണ് തണ്ണിക്കടവ്. മേഖലയില്‍ കനത്ത സുരക്ഷ ഒരുക്കി വോട്ടെടുപ്പിന് തയ്യാറായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പോളിങ് സ്റ്റേഷനില്‍ തീപ്പിടിത്തമുണ്ടായിട്ടുള്ളത്. വഴിക്കടവ് പഞ്ചായത്തിലെ കുന്നുമ്മല്‍പൊട്ടി വാര്‍ഡിലെ ഒന്ന്, രണ്ട് ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത് തണ്ണിക്കടവ് സ്‌കൂളിലാണ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ജില്ലാ പോലിസ് മേധാവി വിജയന്‍, ഡിവൈഎസ്പി പി എ വര്‍ഗീസ്, എടക്കര സിഐ സേതു, നിലമ്പൂര്‍ സിഐ സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it