malappuram local

തണുപ്പുകാലമെത്തി; ഇനി കാബേജിന്റെയും കോളിഫഌവറിന്റെയും കൃഷിക്കാലം

ടി പി ജലാല്‍

മഞ്ചേരി: തണുപ്പുകാലമെത്തിയതോടെ ശീതകാല പച്ചക്കറിതൈകളും തയ്യാറായി. ഇനി തമിഴ്‌നാട്ടിലെപ്പോലെ കാബേജുകളുടെയും കോളിഫഌവറുകളുടെയും കാപ്‌സിക്കം മുളകുകളുടെയും കൃഷികള്‍ ജില്ലയിലുടനീളം കാണാനാവും.
ജില്ലാ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള(വിഎഫ്പിസികെ)യുടെ നിയന്ത്രണത്തിലുള്ള എളങ്കുര്‍ സ്വാശ്രയസമിതിയാണ് ഇതിനായി രണ്ടു ലക്ഷത്തോളം തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്. കാബേജ്, കോളിഫഌവര്‍, അനുഗ്രഹ മുളക്, ഹൈബ്രിഡ് തക്കാളി, ഗ്രീന്‍ ലോങ് വഴുതന തുടങ്ങിയവയാണ് വെറും അഞ്ച് സെന്റിലെ പോളി ഹൗസില്‍ വളരുന്നത്. ഇതിനകം 30,000 ഓളം തൈകള്‍ എടവണ്ണ, ഒതായി, എടവണ്ണപ്പാറ, ചുങ്കത്തറ തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകര്‍ തൈകള്‍ വാങ്ങി കൃഷിയാരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി ഒന്നര ലക്ഷം തൈകള്‍ കൂടി ഉല്‍പാദിപ്പിക്കുമെന്ന് മാനേജര്‍ അബ്ദുല്‍സമദ് പറഞ്ഞു. കൂടുതല്‍ തൈകള്‍ കൊണ്ടുപോവുന്നത് തൂവ്വൂര്‍, പാണ്ടിക്കാട്, ചുങ്കത്തറ ഭാഗങ്ങളിലേക്കാണ്. കഴിഞ്ഞ വര്‍ഷം കൂടുതല്‍ ആവശ്യക്കാരുള്ളതിനാല്‍ ഏഴര ലക്ഷം തൈകള്‍ ഉല്‍പാദിപ്പിച്ചിരുന്നതായി ഡെപ്യുട്ടി മാനേജര്‍ നഫീസ പറയുന്നു. അന്ന് എളങ്കൂറില്‍ സ്ഥലപരിമിധി കാരണം പാലക്കാടില്‍ ഉല്‍പാദിപ്പിച്ചാണ് വിതരണം ചെയ്തത്. ഇത്തവണ പഞ്ചായത്ത് ഭരണസമിതികള്‍ കൃഷിക്കുള്ള ഫണ്ടും മറ്റും വകയിരുത്തുന്നേയുള്ളു.
അതുകൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. നാലു വര്‍ഷം മുമ്പാണ് എളങ്കൂറില്‍ തൈകള്‍ മുളപ്പിച്ച് വില്‍പനയാരംഭിച്ചത്. എല്ലാ തവണയും വിവിധ പദ്ധതികളിലൂടെ സൗജന്യ വിതരണം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ ഒരു തൈക്ക് രണ്ട് രൂപയ്ക്കാണ് നല്‍കുന്നത്. ഒന്നര രൂപയോളം ഇതിന് ഉല്‍പാദന ചെലവ് വരുന്നുണ്ട്. ചകിരിച്ചോറും മണ്ണിര കംപോസ്റ്റും കൂട്ടിച്ചേര്‍ത്ത് ട്രേകളിലാക്കിയ ശേഷമാണ് വിത്തുകള്‍ പാകുന്നത്. പാകമായ തൈകള്‍ മണ്ണിലോ മട്ടുപ്പാവിലോ നടാം. മറ്റുള്ള സംസ്ഥാനത്ത് 50 ദിവസത്തിനുള്ളില്‍ വിളവെടുക്കാനാവുമെങ്കിലും ഇവിടെ 70 ദിവസം വേണ്ടി വരുമെന്നാണ് അധികൃതരുടെ പക്ഷം.
ജില്ലയില്‍ തണുപ്പുകാല പച്ചക്കറികൃഷി നടത്തുന്നത് വാണിജ്യാവശ്യത്തിനല്ല മറിച്ച് വീട്ടാവശ്യങ്ങള്‍ക്കും മറ്റുമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതര സംസ്ഥാനത്തും മറ്റുമുണ്ടാവുന്ന ഇത്തരം പച്ചക്കറികള്‍ സ്വന്തം പറമ്പില്‍ ഉല്‍പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍ ഫെബ്രുവരി അവസാനം വരെയെങ്കിലും തണുത്ത കാലാവസ്ഥ നിലനില്‍ക്കണമെന്ന പ്രാര്‍ത്ഥനയിലാണ് കൃഷി പ്രേമികള്‍. തൈ ഉല്‍പാദനം ഈ മാസത്തോടെ അവസാനിക്കും.
Next Story

RELATED STORIES

Share it