kannur local

തട്ടിക്കൊണ്ടുപോയി മര്‍ദ്ദനം; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ഇരിക്കൂര്‍: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ചകേസിലെ പിടികിട്ടാപ്പുള്ളി ആറുവര്‍ഷത്തിനുശേഷം അറസ്റ്റില്‍. എട്ടിക്കുളം പാലക്കോട്ടെ കുഞ്ഞായിശ മന്‍സിലില്‍ കുന്നോല്‍ മുത്തലിബിനെ(42)യാണ് തളിപ്പറമ്പ് ഡിവൈഎസ്പി എ സുരേന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. മുത്തലിബ് നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എട്ടിക്കുളത്തെ ഭാര്യവീട്ടില്‍നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നീലേശ്വരം തൈക്കടപ്പുറത്തെ കെ കെ ബഷീറിന്റെ പരാതിയിലാണു നടപടി. 2009നാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതി ഹാഷിമും ബഷീറും തമ്മില്‍ പണമിടപാട് നടത്താറുണ്ടായിരുന്നു. ഹാഷിമിന്റെ പക്കല്‍നിന്ന് ബഷീര്‍ മറ്റൊരാള്‍ക്ക് പലിശയ്ക്ക് പണം വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് ഹാഷിമും മുത്തലിബും മഞ്ചേരി ടൗണില്‍നിന്ന് ബഷീറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി.
പാലക്കാട്ടെ ഹാഷിമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആറു ദിവസത്തോളം തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയും മുദ്രപത്രത്തില്‍ ബലമായി ഒപ്പിടീക്കുകയും ചെയ്‌തെന്നാണു കേസ്. സംഭവത്തിനുശേഷം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുത്തലിബ് വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it