Kottayam Local

തടസ്സങ്ങള്‍ നീങ്ങി: ഫാത്തിമാപുരം മേല്‍പ്പാലം ഡിസംബറില്‍ തുറക്കും

ചങ്ങനാശ്ശേരി: ചെങ്ങന്നൂര്‍-ഏറ്റുമാന്നൂര്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നാലുമാസം മുമ്പ് പുനര്‍നിര്‍മാണം ആരംഭിച്ച ഫാത്തിമാപുരം മേല്‍പ്പാലത്തിന്റെ പണികള്‍ അവസാനഘട്ടത്തില്‍. ഡിസംബര്‍ പത്തോടെ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍. ചന്ദനക്കുടം, ചിറപ്പ്, ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമ്പോള്‍ ചങ്ങനാശ്ശേരി നഗരത്തില്‍ അനുഭവപ്പെടാനിടയുള്ള വന്‍ഗതാഗതക്കുരുക്കു മുന്നില്‍കണ്ടാണ് ഡിസംബറില്‍ പാലം തുറന്നുകൊടുക്കാനായി വേഗത്തില്‍ പണികള്‍ നീങ്ങുന്ന്.
മുമ്പ് സപ്തംബറിലും ഒക്ടോബറിലുമായി തുറന്നു കൊടുക്കാനാണ് തീരുമാനിച്ചതെങ്കിലും പണികളുമായി ബന്ധപ്പെട്ട വിവിധകാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. നിലവിലെ പാലത്തിനടിയില്‍കൂടി കടന്നുപോവുന്ന വാട്ടര്‍അതോറിറ്റി, ബിഎസ്എന്‍എല്‍ പൈപ്പുകളും കേബിളുകളും മാറ്റിയിടുന്നതിന്റെ ചെലവ് ആരുവഹിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താത്തതായിരുന്നു ആദ്യഘട്ടത്തിലെ തടസ്സം. റെയില്‍വേ വഹിക്കണമെന്ന നിലപാടാണ് മറ്റുവകുപ്പുകള്‍ സ്വീകരിച്ചിരിക്കുന്നതെങ്കിലും റെയില്‍വേ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനായി.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ റെയില്‍വേ പാളങ്ങള്‍ക്കടിയിലൂടെ കടന്നുപോവുന്നതിനു റെയില്‍വേ അനുമതി നല്‍കാത്തതും പ്രശ്‌നമായിരുന്നു. ഇപ്പോള്‍ അതും പരിഹരിച്ചു. പാലത്തിന്റെ അപ്രോച്ച റോഡിനു എടുത്ത സ്ഥലത്തിന്റെ വിലനല്‍കാന്‍ കാലതാമസം നേരിട്ടതും പണികള്‍ പൂര്‍ത്തീകരികന്‍ തടസ്സമായി നിന്നു. അത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് പണികള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്.
പാലം പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം ഇരൂപ്പാവഴിയാണ് വഴിതിരിച്ചുവിട്ടിരുന്നത്. ഇരൂപ്പാ ലെവല്‍ക്രോസ്സിലും ഇത് വന്‍ ഗതാഗതകുരുക്കിനിടയാക്കിയിരുന്നു. കൂടാതെ ഈ റോഡിലൂടെ ടിപ്പര്‍ ലോറികള്‍ ഓടിക്കുന്നത് കര്‍ശനമായി നിരോധിക്കുകയും ചെയ്തു. ഇപ്പോള്‍ ഇരൂപ്പാ റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 6.4 മീറ്റര്‍ വീതിയിലും 16 മീറ്റര്‍ നീളവുമുള്ള നേരത്തെയുള്ള പാലത്തിനുപകരം 22 മീറ്റര്‍ നീളവും 10.3 മീറ്റര്‍ വീതിയുമുള്ള പാലമാണ് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചടിവീതിയില്‍ നടപ്പാതയും ഉണ്ടാവും.
ഇരു ഭാഗങ്ങളിലായി എട്ടുവീതം പൈലുകള്‍ തീര്‍ത്ത് അതിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. തറനിരപ്പില്‍നിന്നും നേരത്തെ ഉണ്ടായിരുന്ന പാലത്തിന്റെ പകുതികൂടി ഉയരം പുതിയപാലത്തിനുണ്ട്.
Next Story

RELATED STORIES

Share it