തടവുകാരുടെ മരണം തടയാന്‍ കര്‍ശന നടപടികളുമായി ജയില്‍ വകുപ്പ്

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്ത് ജയിലുകളില്‍ കഴിയുന്ന പ്രതികളുടെ മരണസംഖ്യ വര്‍ധിച്ചതോടെ അത് തടയാന്‍ കര്‍ശന നടപടികളുമായി ജയില്‍ വകുപ്പ് രംഗത്ത്. ജയില്‍ ഡിജിപിയുടെ പുതിയ ഉത്തരവിലാണ് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ചികില്‍സ കിട്ടാതെ കഴിഞ്ഞ ദിവസം വിയ്യൂര്‍ ജയിലില്‍ കോട്ടയം സ്വദേശി അപ്പുക്കുട്ടി (50) കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഇതേ ജയിലില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഞ്ചു പേരാണ് മതിയായ ചികില്‍സ കിട്ടാതെ മരിച്ചത്. അതിന്റെ പേരില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയില്‍ ഡിജിപിയുടെ പുതിയ നിര്‍ദേശം. തടവുകാര്‍ക്ക് ചികില്‍സ നല്‍കുന്ന കാര്യത്തില്‍ ഒരലംഭാവവും ഉണ്ടാവരുതെന്നാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ പുതിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം. മുഴുവന്‍ സമയ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്ത ജയിലുകളില്‍ ആഴ്ചയില്‍ രണ്ടു തവണ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം. ഇതിനായി ജയില്‍ സൂപ്രണ്ടുമാര്‍ ആശുപത്രി സൂപ്രണ്ട്, ഡിഎംഒ എന്നിവരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണം. നാലു ദിവസത്തില്‍ ഒരിക്കല്‍ ഡോക്ടറെത്താത്ത ഒരു ജയിലും ഉണ്ടാവാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാര്‍ തുടര്‍ചികില്‍സ നിര്‍ദേശിക്കുന്നവര്‍ക്ക് അതു നല്‍കുന്ന കാര്യത്തില്‍ ജാഗ്രത വേണം. കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ജീവന്‍ സംരക്ഷിക്കാന്‍ ജയില്‍ വകുപ്പിന് ബാധ്യതയുണ്ടെന്നും അതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന ശിക്ഷാ നടപടികളെടുക്കുമെന്നും ഋഷിരാജ് സിങ് മുന്നറിയിപ്പു നല്‍കി.2011 മുതല്‍ 2015 വരെ സംസ്ഥാനത്തെ 52 ജയിലുകളില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ 200 പേര്‍ മരിച്ചതായി രേഖകള്‍ പറയുന്നു. ഇതില്‍ 23 പേരുടെ മരണത്തില്‍ അസ്വാഭാവികതയുള്ളതായി പോലിസ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണങ്ങളില്‍ ജയില്‍ വകുപ്പോ പോലിസോ മറ്റു സര്‍ക്കാര്‍ ഏജന്‍സികളോ അന്വേഷണം നടത്തുകയോ കുറ്റവാളികള്‍ക്കെതിരേ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ രേഖകളില്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുള്ളത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. 52 പേര്‍. കണ്ണൂരില്‍ 32 പേരും വിയ്യൂരില്‍ 21 പേരും മരണപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവര്‍ വിവിധ ജില്ലാ-സബ് ജയിലുകളില്‍ മരിച്ചവരാണ്. മരണപ്പെട്ട 200 പേരില്‍ 56 പേര്‍ റിമാന്‍ഡ് പ്രതികളായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത 23 പേരില്‍ അധികവും മതിയായ ചികില്‍സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയെന്നാണ് ബന്ധുക്കളും സഹതടവുകാരും പറയുന്നത്.  2015ലാണ് ഏറ്റവും കൂടുതല്‍ തടവുകാര്‍ ജയിലില്‍ മരിച്ചത്. 49 പേര്‍. സംസ്ഥാനത്തെ 52 ജയിലുകളില്‍ മതിയായ ചികില്‍സ തടവുകാര്‍ക്ക് ലഭിക്കുന്നത് ആറെണ്ണത്തില്‍ മാത്രമാണ്. ഇവിടങ്ങളില്‍ എല്ലാ ദിവസവും ഡോക്ടര്‍മാരെത്തി രോഗികളെ പരിശോധിക്കാറുണ്ട്. മറ്റു സ്ഥലങ്ങളില്‍ ആവശ്യമുള്ളപ്പോള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ എത്തുന്നത്.
Next Story

RELATED STORIES

Share it