തച്ചങ്കരി തന്റെ ഗുഡ്‌ലിസ്റ്റില്‍ ഇല്ലെന്ന് രമേശ് ചെന്നിത്തല

കോട്ടയം: ടോമിന്‍ തച്ചങ്കരി തന്റെ ഗുഡ്‌ലിസ്റ്റില്‍ ഇല്ലെന്നു മന്ത്രി രമേശ് ചെന്നിത്തല. ജേക്കബ് തോമസിന്റെ ഇന്റഗ്രിറ്റിയെ ആരും ചോദ്യംചെയ്തിട്ടില്ലെന്നും ജേക്കബ് തോമസിനോടു വിശദീകരണം ചോദിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ത്രിതലം-2015ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിശമന സേനയുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് ഇറക്കിയ സര്‍ക്കുലര്‍ പൊതുജനസേവനങ്ങള്‍ക്കു തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു.
എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് അഴിമതി സംബന്ധിച്ച് വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതി ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് അനന്തര നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്. വിശാല ഹിന്ദു ഐക്യത്തിന് ഇല്ലെന്ന എന്‍എസ്എസ് പ്രസ്താവന സ്വാഗതാര്‍ഹമാണ്. ഈ നിലപാട് മതേതരത്വത്തെ ശക്തിപ്പെടുത്തും. യുഡിഎഫിനെ ജനങ്ങള്‍ നയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. രാജ്യത്തു വര്‍ഗീയത വളരുന്നതു വളരെ ഗൗരവമാണ്. മോഡി-അമിത് ഷാ-സംഘപരിവാര കൂട്ടുകെട്ട് സംസ്ഥാനത്തും വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ വിജയിച്ച ഈ തന്ത്രം കേരളത്തില്‍ വിജയിക്കില്ല. ജാതി, മത സംഘടനകളെ കൂട്ടുപിടിച്ച് ബി.ജെ.പി. നടത്തുന്ന മൂന്നാം മുന്നണി ശ്രമം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. കേരളത്തില്‍ നിലവില്‍ ഭരണവിരുദ്ധ വികാരമില്ല, ഭരണാഭിമുഖ്യമാണുള്ളത്. രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it