Idukki local

തങ്കമണി പോലിസ് സ്റ്റേഷന്‍ ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

തങ്കമണി: കാമാക്ഷി പഞ്ചായത്തിലെ തങ്കമണിയില്‍ അനുവദിച്ച പോലിസ് സ്റ്റേഷന്‍ ജനുവരിയോടെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് സൂചന.ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ.,ഇടുക്കി പോലിസ് സൂപ്രണ്ട് കെ വി ജോസഫ്, എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. മുമ്പ് കാമാക്ഷി ഗ്രാമപഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലം സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സൗജന്യമായി വിട്ടുകൊടുക്കാനും അവിടെ കെട്ടിടം പൂര്‍ത്തിയാകുന്നതുവരെ പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കാമെന്നും പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തതോടെയാണ് പുതിയ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നത്.
രണ്ടു നിലകളിലായി ഏകദേശം 3500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് പഴയ പഞ്ചായത്ത് ഓഫിസ്. ആഗസ്ത് മുതല്‍ പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
പോലിസ് സ്റ്റേഷനു ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പൂര്‍ത്തിയാക്കും.
സപ്തംബര്‍ 23നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പോലിസ് സ്റ്റേഷന്‍ അനുവദിച്ചത്. സ്റ്റേഷനില്‍ എസ്.ഐ - രണ്ട്, എ.എസ്.ഐ.-മൂന്ന്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ - ഏഴ്, സിവില്‍ പോലിസ് ഓഫിസര്‍ - 25, വനിതാ പോലിസ് ഓഫിസര്‍-അഞ്ച്, ലാസ്റ്റ് ഗ്രേഡ്-ഒന്ന്, ഡ്രൈവര്‍ -ഒന്ന് എന്നീ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. കാമാക്ഷി പഞ്ചായത്തിനു പുറമേ ഇരട്ടയാര്‍ പഞ്ചായത്തിലെ എട്ടു വാര്‍ഡുകളും മരിയാപുരം പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളും തങ്കമണി സ്റ്റേഷന്റെ പരിധിയില്‍ വരും.
86.63 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവും ജനസംഖ്യ 41,865 ആണ് സ്റ്റേഷന് കീഴില്‍ വരിക. നിലവില്‍ കട്ടപ്പന പോലിസ് സ്റ്റേഷന്റെ ഔട്ട്‌പോസ്റ്റ് മാത്രമാണ് കാമാക്ഷിയിലുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് എസ് ജെ അഗസ്റ്റിന്‍, കട്ടപ്പന ഡിവൈഎസ്പി പി കെ ജഗദീഷ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ഹരികുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ബി വിഷ്ണു, ബ്ലോക്ക് പഞ്ചായത്തംഗം ബിജു കാനം, പഞ്ചായത്തംഗങ്ങളായ അപ്പച്ചന്‍ അയ്യുണ്ണി, തങ്കച്ചന്‍ കല്ലംമാക്കല്‍, ജോയി കാട്ടുപാലം, ഷൈനി മാവേലില്‍, പാണ്ടിപ്പാറ ആപ്‌കോസ് പ്രസിഡന്റ് സോണി ചൊള്ളാമഠം, ബിജു നെടുഞ്ചേരില്‍, സന്തോഷ് പൊള്ളക്കൊളവില്‍ എന്നിവരും അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.
Next Story

RELATED STORIES

Share it