kannur local

തകര്‍ച്ച; തലശ്ശേരി കടല്‍പ്പാലത്തില്‍ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യം

തലശ്ശേരി: തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന നൂറ്റാണ്ട് പിന്നിട്ട തലശ്ശേരി കടല്‍പ്പാലത്തില്‍ പൊതുജനം പ്രവേശിക്കുന്നത് തടയണമെന്ന ആവശ്യം ശക്തമാവുന്നു.
പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് നേരത്തെ പ്രവേശനം നിരോധിച്ചിരുന്നു. പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് ചെങ്കല്ല്‌കൊണ്ട് വലിയ ഭിത്തി കെട്ടിയാണ് പ്രവേശനം തടഞ്ഞത്. ഭിത്തിക്ക് മധ്യത്തിലായി ചെറിയ ഗേറ്റും സ്ഥാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗേറ്റ് പറിച്ച് മാറ്റി. സാമുഹികവിരുദ്ധരെ സഹായിക്കുന്നതിനാണ് ഗേറ്റ് പറിച്ചുമാറ്റിയതെന്ന് ആരോപണവും ഉയര്‍ന്നു. അപകടാവസ്ഥയിലെ പാലം അറ്റകുറ്റ പ്രവൃത്തികള്‍ നടത്തി ബലപ്പെടുത്തിയ ശേഷം പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്നായിരുന്നു നഗരഭരണാധികള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒന്നും നടന്നില്ല.—
സുനാമി ആഞ്ഞു വീശിയതിനെ തുടര്‍ന്ന് തലശ്ശേരിയിലും കടല്‍ ഉള്‍വലിഞ്ഞപ്പോഴാണ് കടല്‍ പാലത്തിന്റെ ദ്രവിച്ച് തകര്‍ന്നു വീഴാറായ അടിത്തൂണുകള്‍ പുറം ലോകം കാണുന്നത്. തുടര്‍ന്നാണ് പാലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിരോധിച്ചത്. കഴിഞ്ഞ ദിവസം യുവാവ് കടലില്‍ ചാടിയതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതു കാണാന്‍ നൂറുകണക്കിനാളുകളാണ് പാലത്തില്‍ തടിച്ച് കൂടിയത്. പാലത്തില്‍ നിന്നും കടലില്‍ ചാടിയുള്ള ആത്മഹത്യകള്‍ ആവര്‍ത്തിക്കുമ്പോഴും പാലത്തിലേക്കുള്ള പൊതുജന പ്രവേശനം തടയുന്നതിന് നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it