Second edit

തകര്‍ച്ചയുടെ ആരംഭം

ഒരു രാജ്യത്തിന്റെയോ സംസ്‌കാരത്തിന്റെയോ തകര്‍ച്ചയുടെ ലക്ഷണമെന്താണ്? അതിന്റെ ഭരണാധികാരിവര്‍ഗത്തിന്റെ സ്വഭാവം നോക്കിയാലറിയാം പോക്ക് മുന്നോട്ടോ പിന്നോട്ടോ എന്നു പറയുന്നത് എഡ്വാര്‍ഡ് ഗിബ്ബണെപ്പോലുള്ള മഹാ ചരിത്രകാരന്മാരാണ്.
ഗിബ്ബണ്‍ റോമാ സാമ്രാജ്യത്തിന്റെ തളര്‍ച്ചയും പതനവും എന്ന ലോകോത്തര ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്. ഒരു കാലത്ത് ലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായിരുന്നു റോമക്കാരുടെത്. ജൂലിയസ് സീസറിനെപ്പോലുള്ള അതിപ്രഗല്ഭന്‍മാര്‍ ഭരിച്ച സാമ്രാജ്യം. അക്കാലത്ത് ലോകത്ത് ക്രമസമാധാനം നിലനിര്‍ത്തിയത് റോമിന്റെ കരുത്താണെന്നു ഗിബ്ബണ്‍. പാക്‌സ് റൊമാനാ അഥവാ റോമന്‍ സമാധാനം എന്നാണ് അത് അറിയപ്പെട്ടത്.
കലിഗുലയെപ്പോലെയും നീറോവിനെപ്പോലെയുമുള്ള ഭ്രാന്തന്മാരാണ് റോമിന്റെ തകര്‍ച്ചയുടെ കാലത്ത് അധികാരത്തിലിരുന്നത്. ഇതു സമൂഹത്തിന്റെ തകര്‍ച്ചയുടെയും ജീര്‍ണതയുടെയും ലക്ഷണമായാണ് ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപിനെപ്പോലുള്ള കക്ഷികള്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു കയറിവരാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നത് ഒരു രാജ്യമെന്ന നിലയിലും സമൂഹമെന്ന നിലയിലും അമേരിക്കയുടെ അനിവാര്യമായ തകര്‍ച്ചയാണെന്നു പറയുന്നത് ലോകപ്രശസ്ത സാമ്പത്തിക ചിന്തകനും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ അസോഷ്യേറ്റ് എഡിറ്ററുമായ മാര്‍ട്ടിന്‍ വുള്‍ഫാണ്. ഇറ്റലിയില്‍ അഴിമതിക്കാരനും സ്ത്രീലമ്പടനുമായ സില്‍വിയോ ബര്‍ലുസ്‌കോണിയെ അധികാരത്തിലെത്തിച്ച അതേ സാമൂഹിക ജീര്‍ണതയാണ് ഇന്ന് അമേരിക്കയെയും പിടികൂടിയിരിക്കുന്നത് എന്ന് അദ്ദേഹം തുറന്നടിക്കുന്നു. ഒരു കാലത്ത് അമേരിക്കയുടെ ഏറ്റവും വലിയ ആരാധകരായിരുന്നവര്‍ പോലും ആ സമൂഹത്തിന്റെ അനിവാര്യമായ തകര്‍ച്ചയെക്കുറിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു എന്നതു കൗതുകകരം തന്നെ.
Next Story

RELATED STORIES

Share it