thrissur local

ഡ്രെയിനേജ് സംവിധാനമില്ല; വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറുന്നു

മാള: പുതുക്കിപണിത റോഡുവശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ മഴയില്‍ വെള്ളം കയറുന്നതായി പരാതി. കുഴൂര്‍ വിളക്കുംകാല്‍ ജങഷനിലെ നിരവധി കടകള്‍ക്കാണ് റോഡില്‍ ടൈല്‍സ് വിരിച്ചപ്പോള്‍ ദുരിതങ്ങളേറെയായത്. കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കുഴൂര്‍ വിളക്കുംകാല്‍ ജങഷനില്‍ ടൈല്‍സ് വിരിച്ചത്.
അമ്പത് മീറ്ററോളം വരുന്ന ഭാഗത്തിന് അപ്പുറവും ഇപ്പുറവും ടാറിങ് നടത്തിയിരുന്നു. ശേഷിക്കുന്ന ഭാഗം പാടെ തകര്‍ന്ന നിലയിലായിരുന്നു. ജലനിധിക്കായി റോഡ് വെട്ടിപ്പൊളിച്ചതോടെ ദുരിതമേറുകയും പത്ര വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായാണ് ടൈല്‍സ് പാകിയത്. ഇതോടെ സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സുകളുടെ പ്രതലം റോഡിന് താഴെയായി. ഇന്നലെ പകല്‍ പെയ്ത അതിശക്തമായ മഴയെ തുടര്‍ന്ന് കുതിച്ചെത്തിയ മഴവെള്ളം അപ്പാടെ കടകളിലേക്കാണ് എത്തിയത്. താരുണ്യ ടെക്സ്റ്റയില്‍സ്, തൊട്ടടുത്ത ചെരിപ്പുകട, ഗിഫ്റ്റ് ഷോപ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ വെള്ളത്തിലായി. പാറപ്പുറം ഭാഗത്ത് നിന്നും താണിശ്ശേരി ഭാഗത്ത് നിന്നും സഹകരണ ബാങ്ക് പരിസരത്ത് നിന്നുമുള്ള വെള്ളമെല്ലാം ഇവിടേക്കാണ് എത്തുന്നത്. നാലും കൂടിയ ജങ്ഷനില്‍ മൂന്ന് വശത്ത് നിന്നുമുള്ള വെള്ളമെല്ലാം ഒഴുകി എത്തുന്നത് ഇവിടേക്കാണ്. ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതിനാല്‍ മഴവെള്ളം റോഡില്‍ പരന്നൊഴുകുകയാണ് പതിവ്. ടൈല്‍സ് വിരിച്ചതോടെ ഈ ഒഴുക്ക് ഇല്ലാതായി.
Next Story

RELATED STORIES

Share it