kozhikode local

ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാര്‍ സമയത്ത് എത്തുന്നില്ലെന്ന് പരാതി

കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ ചില ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാര്‍ ഡ്യൂട്ടിക്കിടയില്‍ മുങ്ങുന്നതായി പരാതി.
അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യേണ്ട ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരാണ് അത്യാഹിത വിഭാഗത്തില്‍ ജോലി സമയത്ത് മാറി നില്‍ക്കുന്നത്.
ചിലര്‍ ഉച്ചയ്ക്ക് ശേഷമാണ് ജോലിക്കു കയറുന്നത്. മറ്റു ചിലരാകട്ടെ ആശുപത്രിയിലേക്ക് തിരിഞ്ഞുനോക്കാറുപോലുമില്ല. അപകട മരണം സംഭവിച്ചും തീപ്പൊള്ളലേറ്റ രോഗികള്‍ വന്നാലും പോലിസിന് വിവരം കൈമാറുന്ന ഇന്റിമേഷനില്‍ ഒപ്പിടേണ്ടത് മെഡിക്കല്‍ ഓഫിസറാണ്. എന്നാല്‍ മറ്റെല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി രോഗിയും ബന്ധുക്കളും മെഡിക്കല്‍ ഓഫിസറേയും കാത്തിരിക്കുക പതിവാണ്.
തീപ്പൊള്ളലേല്‍ക്കുന്ന കേസുകളില്‍ ഡോക്ടര്‍ ഇന്റിമേഷ ന്‍ പോലിസിന് കൈമാറിയാണ് പൊള്ളലേറ്റയാളുടെ മൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനെ കൊണ്ടുവരുക. എന്നാല്‍ ഇന്റിമേഷനില്‍ ഒപ്പ് ലഭിക്കാന്‍ താമസിക്കുന്നതു മൂലം പെട്ടെന്നു തന്നെ മജിസ്‌ട്രേറ്റിനെ കൊണ്ടുവരാന്‍ പോലിസിന് സാധിക്കുന്നില്ല. ചിലപ്പോള്‍ മൊഴിയെടുക്കുന്നതിനു മുമ്പെ രോഗി മരിക്കുന്നതിനുമിടയാകുന്നു.
അപകട മരണം സംഭവിക്കുമ്പോള്‍ ഇന്റിമേഷന്‍ വൈകുന്നതു മൂലം ഇന്‍ക്വസ്റ്റ് നടത്താനാകാതെ പോസ്റ്റ് മോര്‍ട്ടം പിറ്റേദിവസത്തേക്ക് നീട്ടേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്.
ഡ്യൂട്ടി എംഒ മുഴുവന്‍ സമയവും ആശുപത്രിയില്‍ ഉണ്ടായിരിക്കേണ്ടയാളാണ്. എന്നാല്‍ ഇവര്‍ ആശുപത്രിയില്‍ വരാതിരിക്കുമ്പോള്‍ രോഗികളും പിജി ഡോക്ടര്‍മാരുമാണ് ബുദ്ധിമുട്ടുന്നത്. മെഡിസിന്‍ വിഭാഗത്തിലെ ചില ഡ്യൂട്ടി എംഒമാര്‍ അത്യാഹിത വിഭാഗത്തില്‍ ജോലി സമയങ്ങളില്‍ സ്ഥിരമായി എത്താറില്ലെന്ന് വ്യാപകമായ ആരോപണമുണ്ട്. പുലര്‍ച്ചെ സമയങ്ങളില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭിക്കാറില്ലെന്ന് രോഗികള്‍ പറയുന്നു.
ഈ സമയങ്ങളില്‍ പ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഹൗസ് സര്‍ജന്‍മാരാണ്. ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാ ര്‍ അത്യാഹിത വിഭാഗത്തിന്റെ മുകളിലെ ഡോക്ടര്‍മാരുടെ വിശ്രമമുറികളില്‍ സുഖമായി ഉറങ്ങുകയാണ് പതിവ്. ചില ഡോക്ടര്‍മാര്‍ ഹൗസ് സര്‍ജന്‍മാരുടെ ഫോണില്‍ വിളിച്ചാണ് ചികില്‍സ നിര്‍ദേശിക്കുന്നത്.
Next Story

RELATED STORIES

Share it