ഡോ. മുഹമ്മദ് ബഷീര്‍ കാലിക്കറ്റ് സര്‍വകലാശാല വിസിയാവും

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ കാലിക്കറ്റ് സര്‍വകലാശാലാ വിസിയാവും. ഇന്നലെ ചീഫ് സെക്രട്ടറി ജിജി തോംസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെര്‍ച്ച് കമ്മിറ്റി ഡോ. കെ മുഹമ്മദ് ബഷീറിന്റെ പേര് ഏകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശ അനുമതിക്കായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഒരു പേര് മാത്രം സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡോ. മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് വിസിയായി നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉത്തരവിറക്കും.

മുസ്‌ലിം ലീഗ് നോമിനിയാണ് മുഹമ്മദ് ബഷീര്‍. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറിയും മമ്പാട് എംഇഎസ് കോളജ് റിട്ട. അസോഷ്യേറ്റ് പ്രഫസറുമായ ഡോ. പി അന്‍വറിനെയും വിസി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, 10 വര്‍ഷത്തെ പ്രഫസര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത കണക്കിലെടുത്ത് ബഷീറിന് സാധ്യത കല്‍പ്പിക്കുകയായിരുന്നു. യുജിസി യോഗ്യതയില്ലാത്തതും വിവാദങ്ങളും കാരണം എംജി പ്രോ വിസി ഡോ. ഷീന ഷുക്കൂര്‍ അന്തിമ പട്ടികയില്‍ പരിഗണനയ്‌ക്കെത്തിയിരുന്നില്ല. വിസി നിയമനത്തിനുള്ള വിജ്ഞാപനം ചോദ്യംചെയ്ത് ഡോ. പി ആലസ്സന്‍ കുട്ടി സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ഹൈക്കോടതി നിയമനനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. വിസിയായി നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍വകലാശാലാതലത്തില്‍ 10 വര്‍ഷത്തില്‍ കുറയാതെ പ്രഫസര്‍ തസ്തികയില്‍ ജോലിചെയ്ത പരിചയമോ അല്ലെങ്കില്‍ തത്തുല്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ 10 വര്‍ഷത്തില്‍ കുറയാത്ത അക്കാദമിക്/ഭരണ പരിചയമോ ഉണ്ടാവണമെന്ന വിജ്ഞാപനത്തിലെ നിബന്ധനയെ ചോദ്യംചെയ്താണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.

എന്നാല്‍, വിസി നിയമനത്തിന് യുജിസി നിര്‍ദേശിച്ച യോഗ്യത നിശ്ചയിച്ച സെര്‍ച്ച് കമ്മിറ്റിയുടെ നടപടിയില്‍ തെറ്റില്ലെന്നു വിലയിരുത്തി ഹൈക്കോടതി ഹരജി തള്ളി. ഇതോടെ നിയമനത്തില്‍ ഉടലെടുത്തിരുന്ന അനിശ്ചിതത്വം നീങ്ങുകയായിരുന്നു. യുജിസി പ്രതിനിധി ഡോ. എസ് എ ബാരി, കാലിക്കറ്റ് സര്‍വകലാശാല പ്രതിനിധി കെ കെ ആബിദ് ഹുസയ്ന്‍ എന്നിവരും സെര്‍ച്ച് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിന്റെ പ്രിന്‍സിപ്പലായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചയാളാണ് ഡോ. മുഹമ്മദ് ബഷീര്‍.
Next Story

RELATED STORIES

Share it