Middlepiece

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കേരള മുസ്‌ലിംകളുടെ ആത്മധൈര്യം

ജ്ഞാനസമ്പാദനവും പ്രസരണവും ജീവിത തപസ്യയാക്കി മാറ്റിയ യുഗപ്രഭാവ പണ്ഡിതനായിരുന്നു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍. മുസ്‌ലിം കൈരളിയുടെ ആധികാരിക പണ്ഡിതസഭയായ സമസ്തയുടെ നേതൃസ്ഥാനത്ത് ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍ക്കു ശേഷം വിരാജിക്കുമ്പോഴും വിനയത്തിന്റെ ആള്‍രൂപമായി, അറിവിന്റെ ആഴങ്ങള്‍ കണ്ടനുഭവിച്ച്, സമുദായത്തിന്റെ ആശയും അത്താണിയുമായി പുതിയ അധ്യായം തീര്‍ത്താണ് പരേതന്‍ വിടവാങ്ങിയത്.
മലബാറിലെ അതിപ്രസിദ്ധമായ ചെറുശ്ശേരി പണ്ഡിതകുടുംബത്തില്‍ ജനനം. പിതാവ് ചെറുശ്ശേരി അഹ്മദ് മുസ്‌ല്യാര്‍, പിതാമഹന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, പ്രപിതാമഹന്‍ ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ല്യാര്‍ എന്നിവരെല്ലാം ആത്മീയതയുടെ അകസാരങ്ങളറിഞ്ഞ പണ്ഡിതവര്യന്മാരായിരുന്നു. പിതാവിന്റെ നേര്‍പതിപ്പായിരുന്നു മകനും. പിതാവിന്റെ ദര്‍സില്‍നിന്നു കിട്ടിയ വിജ്ഞാനീയങ്ങളും പിതാമഹന്മാരെക്കുറിച്ച് കേള്‍ക്കാറുള്ള അനുഭവങ്ങളും പിന്നീടുള്ള ജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായിമാറിയെന്ന് അദ്ദേഹം പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു.
പഠനകാലംപോലെത്തന്നെ സുകൃതം ചെയ്ത അധ്യാപനജീവിതമാണ് ചെറുശ്ശേരിയുടേത്. പിതാവിന്റെ ആശിര്‍വാദവുമായി കൊണ്ടോട്ടിക്കടുത്ത് നെടിയിരുപ്പിലെ കോടങ്ങാട്ട് അധ്യാപനമാരംഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 22. 1977ല്‍ ചെമ്മാട് പള്ളിയിലെത്തി. ദാറുല്‍ ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ശില്‍പികളിലൊരാളായ ഡോ. യു ബാപ്പുട്ടി ഹാജിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. നീണ്ട 18 വര്‍ഷത്തോളം അവിടെ അധ്യാപനം നടത്തി. തുടര്‍ന്നാണ് മത-ഭൗതിക സമന്വയ വിദ്യാഭ്യാസരംഗത്തെ നിറപ്രതീക്ഷയായ ദാറുല്‍ ഹുദായിലെത്തുന്നത്.
സമസ്തയുടെ മുശാവറ അംഗമായി 1974ല്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കേരളം കണ്ട ഏക്കാലത്തെയും മികച്ച കര്‍മശാസ്ത്രവിശാരദന്മാരിലൊരാളായ ചെറുശ്ശേരി നേതൃരംഗത്ത് സജീവമാവുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ അദ്ദേഹം സമസ്ത ഫത്‌വാ കമ്മിറ്റിയിലും അംഗമായി. പല സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കും മതവിധി കണ്ടെത്താനുള്ള ഉത്തരവാദിത്തം ഉന്നത പണ്ഡിതന്മാര്‍ അക്കാലത്തു തന്നെ പരേതനെ ഏല്‍പിക്കുമായിരുന്നു.
1996ല്‍ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ല്യാരുടെ മരണത്തോടെയാണ് സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി ചെറുശ്ശേരി നിയമിതനാവുന്നത്. മരണത്തിനു മുമ്പു തന്നെ പിന്‍ഗാമി ആരായിരിക്കണമെന്നതിന്റെ വ്യക്തമായ സൂചനകള്‍ ശംസുല്‍ ഉലമ സമൂഹത്തിനു നല്‍കിയിരുന്നു; സമസ്തയുടെ 70ാം വാര്‍ഷിക സമ്മേളനത്തില്‍ ഉദ്ഘാടനപ്രസംഗം കഴിഞ്ഞ് തന്റെ കസേരയില്‍ ചെറുശ്ശേരിയെ പിടിച്ചിരുത്തിയാണ് ഇ കെ ഉസ്താദ് വേദിവിട്ടത്.
സമസ്തയുടെ പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ല്യാരും ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ല്യാരും വാര്‍ധക്യകാലത്ത് കര്‍മശാസ്ത്രവിഷയങ്ങളില്‍ തീര്‍പ്പുകല്‍പിക്കാന്‍ ചെറുശ്ശേരിയെയാണ് ഏല്‍പിച്ചിരുന്നത്. പാണക്കാട് കുടുംബവുമായി പൂക്കോയ തങ്ങളുടെ കാലത്ത് തുടങ്ങിയ ബന്ധം അഭേദ്യമായി തുടര്‍ന്നുപോന്നു. ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍ക്കു ശേഷം സമസ്തയുടെ വേദികളില്‍ ആശയാദര്‍ശങ്ങള്‍ വളച്ചുകെട്ടില്ലാതെ പ്രാമാണികവും ആധികാരികവുമായി പറയാനും ആധുനിക പരിപ്രേക്ഷ്യങ്ങള്‍ക്കനുസരിച്ച് വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും അദ്ദേഹം തന്നെയാണ് മുന്നിലുണ്ടായിരുന്നത്.
ഫത്‌വകള്‍ (മതവിധി) നല്‍കുമ്പോള്‍ അതീവ സൂക്ഷ്മതയായിരുന്നു അദ്ദേഹം കാണിച്ചിരുന്നത്. പല വിഷയങ്ങളും ഗൗരവമേറിയതായിരിക്കും. അതിന്റെ നാനാവശങ്ങള്‍ മനസ്സിലാക്കിവേണം തീര്‍പ്പുകല്‍പിക്കാന്‍. ത്വലാഖ് വിഷയത്തില്‍ മൊഴി എഴുതിവാങ്ങി ഉറപ്പിച്ചശേഷം മാത്രമേ വിധിപറയാറുണ്ടായിരുന്നുള്ളൂ. കാര്യബോധമുള്ളവരെ മാത്രമേ സാക്ഷികളായി അംഗീകരിക്കൂ. അനന്തര സ്വത്ത് ഓഹരിവയ്ക്കുന്ന കേസുകളില്‍ ഞൊടിയിടയില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കേരളത്തിലെ പ്രമുഖരായ പണ്ഡിതന്മാരും നിയമജ്ഞരും അംഗീകരിച്ച കാര്യമാണ്.
അറിവിന്റെ ആഭിജാത്യം, കര്‍മശാസ്ത്രമേഖലയിലെ നിതാന്ത അന്വേഷണങ്ങള്‍, ഗുരുവര്യന്മാരോടുള്ള ആദരവ്, പ്രവാചക കുടുംബത്തോടുള്ള അടുത്ത ബന്ധം, പരശ്ശതം വരുന്ന ശിഷ്യഗണങ്ങള്‍, പണ്ഡിതോചിതമായ പ്രഭാഷണം, രസാവഹവും ആകര്‍ഷണീയവുമായ അധ്യാപനം, തന്റേതായ നിരീക്ഷണങ്ങള്‍ തുടങ്ങി പണ്ഡിതസമൂഹത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടനവധിയാണ്.
1980 മുതലാണ് ലേഖകന്‍ ചെറുശ്ശേരിയുമായി അടുത്തിടപഴകുന്നത്. കൊണ്ടോട്ടിക്കടുത്തുള്ള തുറക്കല്‍ പ്രവര്‍ത്തിച്ചിരുന്ന മള്ഹറുല്‍ഹുദായില്‍ പ്രിന്‍സിപ്പലായിരിക്കെ അദ്ദേഹം സ്ഥാപനത്തിന്റെ ഉപദേശകസമിതി അംഗമായിരുന്നു. ചെമ്മാട് പള്ളിയിലെത്തിയതോടെ അദ്ദേഹത്തിനൊപ്പം മഹല്ല് പ്രവര്‍ത്തനങ്ങളിലും സംഘടനാവേദികളിലും പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങി. വിദേശയാത്രകളിലും ചികില്‍സാവേളകളിലും അദ്ദേഹത്തിന്റെ നാഇബ് ഖാസി സ്ഥാനം ഏല്‍പിക്കുന്നിടത്തേക്കു വരെ ഈ ബന്ധം വികസിച്ചു. ആറുമാസം മുമ്പ് ബഹ്‌റയ്‌നിലെ സുന്നി ജമാഅത്തിന്റെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങളൊന്നിച്ചാണു പോയി മടങ്ങിയത്.
1986ല്‍ പ്രവര്‍ത്തനമാരംഭിച്ച ദാറുല്‍ ഹുദായിലെ പ്രഥമ പ്രിന്‍സിപ്പലായിരുന്ന എം എം ബഷീര്‍ മുസ്‌ല്യാരുടെ വിയോഗത്തിനുശേഷം ചെമ്മാട് മഹല്ലില്‍ മുദരിസും ഒപ്പം ദാറുല്‍ ഹുദാ അക്കാദമിയുടെ പ്രിന്‍സിപ്പല്‍സ്ഥാനവും ഏറ്റെടുത്തു. 1994ല്‍ സി എച്ച് ഐദറൂസ് മുസ്‌ല്യാരുടെ വിയോഗത്തിനുശേഷമാണ് ദാറുല്‍ ഹുദായില്‍ മുഴുസമയ സേവനമാരംഭിക്കുന്നത്. പിന്നീട് 2009ല്‍ ഒരു ഇസ്‌ലാമിക സര്‍വകലാശാലയായി ദാറുല്‍ ഹുദാ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതോടെ സ്ഥാപനത്തിന്റെ പ്രോ ചാന്‍സലറായി.
ദാറുല്‍ ഹുദായുമായി സവിശേഷമായൊരു ഹൃദയബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മതവും ഭൗതികവും ഒരുമിച്ചു പഠിക്കുന്ന ദാറുല്‍ ഹുദായിലെ വിദ്യാര്‍ഥികള്‍ക്ക് മതവിദ്യ പകര്‍ന്നുകൊടുക്കുന്നത് വലിയൊരു സൗഭാഗ്യമായി അദ്ദേഹം കണക്കാക്കി. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമജീവിതം നയിക്കാന്‍ ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നെങ്കിലും ജീവിതാന്ത്യം വരെ ജ്ഞാനപ്രസരണവഴിയില്‍ തുടരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം.
ദാറുല്‍ ഹുദായുടെ വിദ്യാഭ്യാസ സംരംഭങ്ങള്‍ കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കുന്നതില്‍ ഏറെ തല്‍പരനായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളിലെ ദാറുല്‍ ഹുദാ ഓഫ് കാംപസുകളുടെ ശിലാസ്ഥാപന പരിപാടികളിലും ക്ലാസ് ഉദ്ഘാടന ചടങ്ങുകളിലും സംബന്ധിക്കാന്‍ ആവേശപൂര്‍വം അനുഗമിക്കാറുണ്ടായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ദാറുല്‍ ഹുദാ ഇസ്‌ലാമിക സര്‍വകലാശാല, കേരളീയ മഹല്ല് സംവിധാനം എന്നിവയ്‌ക്കെല്ലാം വലിയ ആത്മധൈര്യമായിരുന്നു അദ്ദേഹം. ദാറുല്‍ ഹുദാ സര്‍വകലാശാലയുടെ അക്ഷരമുറ്റത്ത് അന്ത്യവിശ്രമംകൊള്ളുമ്പോഴും ആ ആത്മീയസാന്നിധ്യം ഇനിയും വഴിവിളക്കായി ഉണ്ടാവുമെന്ന് മുസ്‌ലിം കേരളം സമാശ്വസിക്കുന്നു.

(ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it