palakkad local

ഡോക്ടറുടെ ചെരിപ്പിന്റെ അടി കിട്ടുന്നത് ആര്‍ക്കായിരിക്കും?

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞു. നാളെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്. പാലക്കാട് മണ്ഡലത്തില്‍ ''പാലക്കാട് മുന്നോട്ടി' ന്റെ സ്ഥാനാര്‍ഥിയായി ചെരുപ്പ് ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഡോ. എം എന്‍ അന്‍വറുദ്ദീന്‍ തികഞ്ഞ പ്രതീക്ഷയിലാണ്.
ചെരുപ്പ് അത്രമോശമുളള വസ്തുവൊന്നുമല്ല. പാദരക്ഷയായ ചെരുപ്പ് നിയമസഭയിലെത്തുമ്പോള്‍ അത് രാഷ്ട്രീയക്കാരുടെയും വര്‍ഗീയതപരത്തുന്നവരുടെയും മുഖത്ത് അടിക്കാനുള്ള ആയുധമായി മാറും. അഴിമതിക്കാരെ തുരത്താന്‍ അങ്ങ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന് ചൂലെടുക്കാമെങ്കില്‍ ഇങ്ങ് കേരളത്തില്‍ തനിക്ക് എന്തുകൊണ്ട് ചെരുപ്പ് എടുത്തുകൂടാ, പറയുന്നത് പാലക്കാട്ടെ സാമൂഹ്യസംഘടനാരംഗത്ത് നിറസാന്നിധ്യമായ ഡോ. എം എന്‍ അന്‍വറുദ്ദീന്‍. ഡോക്ടര്‍ പറയുമ്പോള്‍ അതിനെ നിസ്സാരവല്‍ക്കരിക്കാന്‍ കഴിയില്ല. കാരണം ഡോക്ടര്‍ പറഞ്ഞാല്‍ പറഞ്ഞതാണ്.
അഴിമതിക്കാരുടെയും വര്‍ഗീയവാദികളുടെയും മുഖത്തടിക്കാന്‍ ചെരുപ്പുപോലെ വേറൊരു ആയുധമുണ്ടോ. ഇക്കാര്യം ചൂണ്ടിക്കാട്ടുമ്പോള്‍ എല്ലാവരും ഡോക്ടറുടെ പക്ഷംപിടിക്കുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ചെരുപ്പ് ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഡോക്ടറെ എതിര്‍സ്ഥാനാര്‍ഥികള്‍പോലും നിസ്സാരക്കാരനായി കാണില്ലെന്നത് ഉറപ്പ്.
ജനകീയനായ ഡോക്ടറുടെ പാലക്കാട് മുന്നോട്ട് എന്ന സംഘടന ജനനന്‍മക്കായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷത്തിലധികമായി. ഇക്കാലയളവില്‍ ഡോക്ടറും സംഘവും നടത്തിയ പ്രവര്‍ത്തനങ്ങള്‍, സമരങ്ങള്‍, പോരാട്ടങ്ങള്‍ എല്ലാം പാലക്കാട്ടുകാര്‍ക്ക് അറിയാം.
പാലക്കാട്ടുകാരുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇടപെടുന്നില്ലെന്ന സത്യം തിരിച്ചറിഞ്ഞാണ് ഡോക്ടര്‍ ഇത്തവണ മല്‍സരിക്കാന്‍ തീരുമാനമെടുത്തത്.
ജനനന്മ ആഗ്രഹിക്കുന്നവര്‍ തന്നെ കൈവിടില്ലെന്നും അദ്ദേഹം പറയുന്നു. കാലങ്ങളായി ജനത്തെ പറ്റിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരുടെ മുഖത്തടിക്കാന്‍ ഞാന്‍ അവര്‍ക്ക് ചെരുപ്പും നല്‍കുന്നുണ്ട്. ഒരുപക്ഷേ ഇന്ത്യയില്‍ ഇതാദ്യമായാണ് ചെരുപ്പ് ചിഹ്നത്തില്‍ ഒരാള്‍ മല്‍സരരംഗത്തിറങ്ങുന്നത്.
ആം ആദ്മിയുടെ പാലക്കാട്ടെ രൂപമാണ് പാലക്കാട് മുന്നോട്ട് എന്ന സംഘടന. ആംആദ്മിയുടെ ലക്ഷ്യമായ അഴിമതി ഇല്ലാതാക്കുകയെന്നതുതന്നെയാണ് മുന്നോട്ടിന്റെയും പ്രധാന ലക്ഷ്യം.
ഇതിനൊപ്പം മണ്ണിനെയും പ്രകൃതിയേയും സംരക്ഷിക്കുകയെന്ന കര്‍ത്തവ്യവും ഈ സംഘടന ഏറ്റെടുത്തിരിക്കുന്നു. ഡല്‍ഹിയില്‍ ആം ആദ്മി നിലവില്‍ വരുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ജന്മംകൊണ്ട് പാലക്കാട് മുന്നോട്ട് അതിന്റെ പ്രയാണ വഴികളില്‍ യാത്ര തുടരുകയാണ്.
ഇൗ യാത്രയുടെ തുടര്‍ച്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ മല്‍സരം. എം എന്‍ അന്‍വറുദ്ദീന്‍ ഡോക്ടറാണ് മുന്നോട്ടിന്റെ അമരക്കാരന്‍. ആംആദ്മിക്കു പുറമെ ഇടുക്കിയിലെ പൊമ്പിളെ ഒരുമൈ പോലുള്ള സംഘടനകളുമായി സഹകരിച്ചും പാലക്കാട് മുന്നോട്ടു പ്രവര്‍ത്തിക്കുന്നു.
ആരാണ് ജനത്തിന് കാവലാകുക, അവര്‍ക്ക് ഞങ്ങളുടെ പിന്തുണയുണ്ട് എന്നുപറഞ്ഞ ഡോക്ടര്‍ പ്രചാരണത്തിന്റെ കലാശക്കൊട്ടിലും താരമായി നിറഞ്ഞുനില്‍ക്കുകയാണ്. ഇനി ചെരിപ്പിന്റെ അടി ആര്‍ക്കാണ് കിട്ടുന്നറിയാന്‍ 19വരെ കാത്തിരിക്കണം.
Next Story

RELATED STORIES

Share it