Districts

ഡോക്ടര്‍മാരുടെ സമരം: ശക്തമായി നേരിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒരുവിഭാഗം ഡോക്ടര്‍മാര്‍ ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ച സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സമരം ചെയ്യുന്നതിനുവേണ്ടി ഡോക്ടര്‍മാര്‍ കൂട്ടത്തോടെ കാഷ്വല്‍ അവധിയെടുക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കരുതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇന്നു രാവിലെ 11മണിക്കുതന്നെ ഡോക്ടര്‍മാരുടെ ഹാജര്‍നില ഡയറക്ടറെ ഓണ്‍ലൈന്‍ മുഖേന അറിയിക്കണം. ഡ്യൂട്ടിക്ക് ഹാജരാവാത്തവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ടെന്ന് സൂപ്രണ്ടുമാരും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരും എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍മാരും ഉറപ്പുവരുത്തണം.
തിരുവനന്തപുരം ജനറലാശുപത്രിയില്‍, ചികില്‍സയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് ഒരുവിഭാഗം ഡോക്ടര്‍മാര്‍ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. എന്നാല്‍, ഇക്കാര്യം ഡോക്ടര്‍മാരോ സംഘടനയോ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച്, വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. സമിതിയുടെ റിപോര്‍ട്ട് ലഭിക്കുന്നതിനു മുമ്പായാണ് ഒരുവിഭാഗം ഡോക്ടര്‍മാര്‍ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ തയ്യാറല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it