ഡോക്ടര്‍മാരുടെയും മരുന്നിന്റെയും ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ തകര്‍ച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
വി എസ് സുനില്‍കുമാറാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മരുന്നിന്റെയും ദൗര്‍ലഭ്യം അനുഭവപ്പെടുന്നില്ലെന്ന് നോട്ടീസിന് മറുപടിയായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യമേഖല മറ്റേതുകാലത്തേക്കാളും മികച്ച നിലയിലാണ്. സംസ്ഥാനത്തെ 37 താലൂക്കാശുപത്രികളില്‍കൂടി നാലു ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി അത്യാഹിത വിഭാഗം ആരംഭിക്കും. ഇതിനായി 148 തസ്തികകള്‍ സൃഷ്ടിക്കും. 24 താലൂക്കാശുപത്രികളില്‍ ഡെന്റല്‍ സര്‍ജന്‍മാരെ നിയമിക്കും.
പുതുതായി ആരംഭിച്ച മെഡിക്കല്‍ കോളജുകളില്‍ വൈകാതെ 1062 തസ്തികകള്‍ സൃഷ്ടിക്കും. 400ഓളം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തു. ആരോഗ്യ വകുപ്പില്‍ ഇപ്പോഴും 1961ലെ സ്റ്റാഫ് പാറ്റേണാണ് നിലവിലുള്ളത്. അസിസ്റ്റന്റ് സര്‍ജന്‍മാരുടെ 2850 തസ്തികകളില്‍ 185 തസ്തികകള്‍ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. ജൂനിയര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരുടെ 75 ഒഴിവുകളും നികത്താനുണ്ട്. പിഎസ്‌സിയോട് ആവശ്യപ്പെട്ടാലും മതിയായ ഡോക്ടര്‍മാരെ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ക്ഷാമം കണക്കിലെടുത്ത് 175 അഡ്‌ഹോക് ഡോക്ടര്‍മാരെയും എന്‍ആര്‍എച്ച്എമ്മില്‍ നിന്ന് 537 പേരെയും എന്‍യുഎച്ച്എമ്മില്‍ നിന്ന് 152 പേരെയും നിയമിച്ചു. അടിയന്തരമായി വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് 41 സിവില്‍ സര്‍ജന്‍മാരെ നിയമിക്കാനുള്ള തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
മരുന്നുകള്‍ക്ക് ഒരിടത്തും ദൗര്‍ലഭ്യമില്ല. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഗോഡൗണില്‍ 22 കോടിയുടെ മരുന്നുകളുണ്ട്. മരുന്നുകളുടെ വില കുറയ്ക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 13 കാരുണ്യ ഫാര്‍മസികള്‍ കൂടി തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
1961ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് പോലും സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ജീവനക്കാരില്ലെന്ന് സുനില്‍കുമാര്‍ ആരോപിച്ചു. അച്ചന്‍കോവിലില്‍ ആദിവാസിക്കുട്ടി മരിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. ഡോക്ടര്‍മാരില്ലാത്തതിനാല്‍ തിരിച്ചുപോവേണ്ടിവന്നതുകൊണ്ടാണ് കുട്ടി മരിച്ചത്. സര്‍ക്കാര്‍ ആദിവാസികളെ കൂട്ടക്കൊല ചെയ്യുകയാണെന്നും സുനില്‍കുമാര്‍ കുറ്റപ്പെടുത്തി. പനിബാധിച്ച കുട്ടിയെ അവസാന നിമിഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അവിടെ എത്തുന്നതിന് മുമ്പ് വഴിയില്‍ വച്ചാണ് മരണപ്പെട്ടതെന്നും മന്ത്രി ശിവകുമാര്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it