Kottayam Local

ഡോക്ടര്‍മാരില്ല; വൈക്കം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ ദുരിതത്തില്‍

വൈക്കം: താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ഇതുമൂലം ദിനംപ്രതി എത്തുന്ന ആയിരക്കണക്കിന് രോഗികളാണ് ബുദ്ധിമുട്ടുന്നത്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെപ്പോലും ഡോക്ടര്‍മാരില്ലാത്തത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
20ലധികം ഡോക്ടര്‍മാരുടെ സേവനം ലഭിക്കേണ്ട ആശുപത്രിയില്‍ ഇപ്പോള്‍ എട്ടുപേര്‍ മാത്രമാണുള്ളത്. ഒപി വിഭാഗത്തില്‍ ചികില്‍സയ്ക്ക് എത്തുന്ന അയിരക്കണക്കിനു രോഗികളെ പരിശോധിക്കുന്നതിന് നിലവില്‍ രണ്ടു പേര്‍ മാത്രമാണുള്ളത്. കുട്ടികളുടെ വിഭാഗമുള്‍പ്പെടെ വളരെ പ്രധാനപ്പെട്ട വിഭാഗങ്ങളിലെല്ലാം ഡോക്ടര്‍മാരില്ല. ഇന്നലെ റൗണ്ട്‌സിന് എത്താന്‍പോലും ഡോക്ടര്‍മാര്‍ ഏറെ വൈകി. മൂന്നു ദിവസം മുമ്പ് അഡ്മിറ്റ് ചെയ്ത മൂന്നര മാസം പ്രായമുള്ള കുട്ടിയെ പരിശോക്കാന്‍ ഒരിക്കല്‍പോലും ഡോക്ടര്‍ വരാതിരുന്നത് പ്രതിഷേധത്തിനിടയാക്കി.
മിക്കദിവസങ്ങളിലും പനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ച് ഡോക്ടര്‍മാരെ കാണാന്‍ ക്യൂ നില്‍ക്കുന്ന രോഗികള്‍ അവശനിലയില്‍ കുഴഞ്ഞുവീഴുന്ന സംഭവങ്ങള്‍ ഉണ്ട്. ചില ദിവസങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഡോക്ടര്‍മാരെ കാണാനാവാതെ രോഗികള്‍ മടങ്ങിപ്പോവേണ്ട സ്ഥിതിയാണ്.
പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ജോലി നോക്കേണ്ട കണക്കിലുള്ള ജീവനക്കാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ജില്ലയില്‍ ഒരു ദിവസം ഏറ്റവുമധികം രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയാണിത്. എന്നാല്‍ മറ്റ് പല സ്ഥലങ്ങളിലെ താലൂക്ക് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയുമെല്ലാം കുറവുകള്‍ അതിവേഗം നികത്തുമ്പോള്‍ ഇവിടെ മാത്രം ഒഴിവാക്കപ്പെടുന്നതായി ആക്ഷേപമുണ്ട്.
കുടിവെള്ളമില്ലാത്തതും ആശുപത്രിയില്‍ ദുരിതം വര്‍ധിപ്പിക്കുന്നു. പൈപ്പുകളില്‍ വെള്ളമെത്തുന്നുണ്ടെങ്കിലും മലിനജലമാണ് ലഭിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. ആശുപത്രിയില്‍ സുരക്ഷയൊരുക്കേണ്ട സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണവും വളരെ കുറവാണ്.
Next Story

RELATED STORIES

Share it