ഡൊമനിക് പ്രസന്റേഷന് എതിരേയുള്ള നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: നിയമസഭയിലെ ബജറ്റവതരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ തന്നെ അപമാനിച്ചെന്ന ജമീല പ്രകാശം എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കീഴ്‌കോടതി നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവ്.
ഹരജിക്കാരന് സംഭവത്തില്‍ ശക്തമായ പങ്കാളിത്തമുള്ളതായി വ്യക്തമാക്കുന്ന തെളിവുകള്‍ പരാതിയില്‍ ഇല്ലാത്തതിനാല്‍ നിലവിലെ നടപടികള്‍ തുടരേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റ് പ്രതികള്‍ക്കെതിരേയാണ് ജമീല പ്രകാശത്തിന്റെ പരാതിയില്‍ കാര്യമായി പരാമര്‍ശമുള്ളത്. ഹരജിക്കാരനെതിരേ കൂടുതല്‍ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ നടപടികള്‍ തുടരുന്നത് നിയമത്തെ ദുരുപയോഗം ചെയ്യുന്നതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
ശിവദാസന്‍ നായര്‍ എംഎല്‍എ മോശമായി പെരുമാറുകയും ഹരജിക്കാരന്‍ അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ അന്യായം നല്‍കിയത്. തുടര്‍ന്നാണ് പരാതി കോടതി ഫയലില്‍ സ്വീകരിച്ചത്. തനിക്കെതിരായ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി കേസെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൊമനിക് പ്രസന്റേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
പരസ്പര വിരുദ്ധമായ മൊഴികളാണ് പരാതിക്കാരി പലയിടത്തായി ഉന്നയിച്ചിട്ടുള്ളത്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും കൊച്ചി മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനൊരുങ്ങുന്ന ഡൊമിനിക് പ്രസന്റേഷന്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it