ഡൊണാള്‍ഡ് ട്രംപിന്റെ റാലി; പ്രതിഷേധക്കാര്‍ ഹൈവേ ഉപരോധിച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി മല്‍സരത്തില്‍ മുന്‍നിരയിലുള്ള ഡൊണാള്‍ഡ് ട്രംപിനെതിരേ പ്രതിഷേധം കനക്കുന്നു. ഫീനിക്‌സിനു സമീപം റാലി നടത്താന്‍ ട്രംപ് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ പ്രതിഷേധക്കാര്‍ അരിസോണ ഹൈവേ ഉപരോധിച്ചു. തുടര്‍ന്ന് ഫൗണ്ടന്‍ഹില്ലില്‍ ട്രംപ് അനുയായികളെ അഭിസംബോധന ചെയ്തു. ട്രംപിനെ ഉപേക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി അമ്പതോളം പേരെത്തിയത് ഇവിടെ ഗതാഗത സ്തംഭനത്തിന് ഇടയാക്കി.
കടുത്ത വംശീയവാദിയായ ട്രംപിന്റെ റാലികള്‍ അടുത്തിടെ സംഘര്‍ഷങ്ങളില്‍ കലാശിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഷിക്കാഗോയിലെ റാലി റദ്ദാക്കിയിരുന്നു. ട്രംപ് സംസാരിക്കാനിരുന്ന ഇല്ലിനോയ് യൂനിവേഴ്‌സിറ്റിയിലെ ഓഡിറ്റോറിയത്തിന് പുറത്ത് തടിച്ചു കൂടിയ പ്രതിഷേധക്കാരും ട്രംപിന്റെ അനുയായികളും ഏറ്റുമുട്ടിയതിനെ തുടര്‍ന്നായിരുന്നു ഷിക്കോഗോ റാലി റദ്ദാക്കിയത്.
കോസ്‌മോ പൊളിറ്റന്‍ ആന്റി ഫാഷിസ്റ്റ് എന്ന സംഘടനയുടെ കീഴില്‍ ന്യൂയോര്‍ക്കിലും ട്രംപിനെതിരേ പ്രതിഷേധ റാലി അരങ്ങേറി. മന്‍ഹാട്ടനിലെ കൊളംബസ് സര്‍ക്കിളിലും പ്രതിഷേധമുണ്ടായി. പോലിസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. വംശവെറിയനും സ്വവര്‍ഗാനുരാഗ വിരുദ്ധനുമായ ട്രംപ് തുലയട്ടെ എന്നെഴുതിയ പോസ്റ്ററുകളുമെടുത്താണ് പ്രതിഷേധം നടന്നത്.
Next Story

RELATED STORIES

Share it