ഡെപ്യൂട്ടി മേയര്‍ സ്ഥാനം സി സമീര്‍ രാജിവച്ചു

കണ്ണൂര്‍: കോര്‍പറേഷന്‍ പ്രഥമ ഡപ്യൂട്ടി മേയര്‍ സ്ഥാനം സി സമീര്‍ രാജിവച്ചു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കൗണ്‍സില്‍ പരിഗണിക്കുന്നതിനു തൊട്ടുമുമ്പ് സെക്രട്ടറിയെ കണ്ട് രാജിനല്‍കുകയായിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവയ്ക്കാന്‍, മുസ്‌ലിംലീഗ് നേതാക്കളും കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. സി സമീര്‍ രാജിവച്ചതിനു തൊട്ടുപിന്നാലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗം സിപിഎം ജില്ലാക്കമ്മിറ്റി ഓഫിസില്‍ ചേരുകയും പി കെ രാഗേഷിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ കണ്ണൂര്‍ കോര്‍പറേഷന്റെ അടുത്ത ഡെപ്യൂട്ടി മേയര്‍ അദ്ഭുതമോ അട്ടിമറിയോ സംഭവിച്ചില്ലെങ്കില്‍ പി കെ രാഗേഷാവുമെന്ന് ഉറപ്പായി.
കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 27 വീതം സീറ്റ് ലഭി ക്കുകയും യുഡിഎഫ് വിമതനായി വിജയിച്ച പി കെ രാഗേഷ് മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് യുഡിഎഫിനും പ്രത്യേകിച്ച് ലീഗിനും അടിതെറ്റിയത്. മേയര്‍ തിരഞ്ഞെടുപ്പില്‍ പി കെ രാഗേഷ് എല്‍ഡിഎഫിനെ പിന്തുണച്ചു. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ പി കെ രാഗേഷ് വിട്ടുനില്‍ക്കുകയും നറുക്കെടുപ്പില്‍ ലീഗിലെ സി സമീര്‍ തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
ഡെപ്യൂട്ടി മേയറുടെ രാജിക്കാര്യം കലക്ടറെ കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്ന് അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് റദ്ദായതായി അദ്ദേഹം അറിയിച്ചു. ഡെപ്യൂട്ടി മേയറുടെ രാജിവിവരവും പുതിയ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇന്നലെ നടന്ന കൗ ണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തിരുന്നില്ല.
Next Story

RELATED STORIES

Share it