Kottayam Local

ഡെങ്കിപ്പനി: പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി

കോട്ടയം: കാലവര്‍ഷത്തിനു മുന്നോടിയായുള്ള വേനല്‍മഴയുടെ സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടയുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. കടുത്തപനിയും ശരീരവേദനയും പ്രധാന ലക്ഷണങ്ങളാണ്.
തലവേദന, സന്ധികളില്‍ വേദന, തൊലിപ്പുറമെ തടിപ്പുകള്‍, കണ്ണിനു പിന്നിലുളള വേദന, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ അധികരിച്ച് ഗുരുതരാവസ്ഥയില്‍ എത്തും. ഡെങ്കിപ്പനിക്കു പ്രത്യേക മരുന്നു ലഭ്യമല്ലെങ്കിലും അനുബന്ധമായുണ്ടാവുന്ന സങ്കീര്‍ണതകളെ ചികില്‍സിച്ചു ഭേദമാക്കേണ്ടതാണ്. വിശ്രമത്തോടൊപ്പം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
ഒരാഴ്ചയിലധികം ശേഖരിക്കപ്പെടുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനി പകര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്. വീടിനുള്ളിലോ പരിസരങ്ങളിലോ തുറന്നു വെച്ച വെള്ളം ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. ടയര്‍, ചിരട്ട, റബര്‍ മരങ്ങളില്‍ പാല്‍ ശേഖരിക്കുന്ന കപ്പുകള്‍, വലിച്ചെറിയപ്പെട്ടതോ അല്ലാത്തതോ ആയ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ മഴവെള്ളം കെട്ടികിടക്കാതെ ശേഖരിക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യണം.
വേനല്‍മഴയോടുകൂടി എലിപ്പനിയും കൂടിവരാനുളള സാധ്യതയുണ്ട്. എലി, നാല്‍ക്കാലികള്‍, കരണ്ടുതിന്നുന്ന മറ്റ് ജീവികള്‍ തുടങ്ങിയവയുടെ മൂത്രം മലിനമാക്കിയ വെളളമോ മണ്ണോ ആയുളള സമ്പര്‍ക്കമാണ് എലിപ്പനിക്ക് പ്രധാന കാരണം.
തുടക്കത്തില്‍ ചികില്‍സ തേടണം. കാര്‍ഷിക മേഖലയിലും തൊഴിലുറപ്പു മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.
പനിയുള്ളവര്‍ സ്വയം ചികില്‍സ ഒഴിവാക്കി എലിപ്പനിയല്ലെന്ന് ഉറപ്പുവരുത്തണം. മഴക്കാലപൂര്‍വരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ശക്തിപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, മറ്റു വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി ഓരോരുത്തരുടേയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it