Kerala

ഡീസല്‍ വാഹന നിരോധനം: 1102 ബസ്സുകള്‍ ഒഴിവാക്കേണ്ടിവരും: കെഎസ്ആര്‍ടിസി

ഡീസല്‍ വാഹന നിരോധനം: 1102 ബസ്സുകള്‍ ഒഴിവാക്കേണ്ടിവരും: കെഎസ്ആര്‍ടിസി
X
ksrtc

കൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പാക്കിയാല്‍ 1102 ബസ്സുകള്‍ നിര്‍ത്തലാക്കേണ്ടിവരുമെന്ന് കെഎസ്ആര്‍ടിസി. 10 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുള്ള ട്രൈബ്യൂണല്‍ വിധിക്കെതിരേ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രൈബ്യൂണലിന്റെ ഇടക്കാലവിധി ട്രക്ക്, ലോറി, ടാക്‌സി തുടങ്ങിയ ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ളതാണ്. ഇത്തരത്തിലൊരു ഉത്തരവു പുറപ്പെടുവിക്കുമ്പോള്‍ പൊതുജനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ കെഎസ്ആര്‍ടിസിയുടെ വാദം കേള്‍ക്കണമായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. കേരളത്തിലെയും പ്രത്യേകിച്ച് കൊച്ചി സിറ്റിയിലെ വായുമലിനീകരണം സംബന്ധിച്ച പഠന റിപോര്‍ട്ട് പരിഗണിക്കാതെയാണ് ട്രൈബ്യൂണല്‍ ഉത്തരവ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2015ലെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ അളവ് വളരെ കൂടുതലാണ്.
പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയ്യാറാക്കിയ ഇന്‍ഡെക്‌സ് പ്രകാരം ഡല്‍ഹിയില്‍ 150-500 വരെയാണ് മലിനീകരണത്തിന്റെ തോത്. ഇത് ദിനംപ്രതി വര്‍ധിക്കുകയും ചെയ്യുന്നു. എന്നാല്‍, കേരളത്തില്‍ 50ല്‍ താഴെയാണ് മലിനീകരണം. ഇതിനാല്‍ ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതു കണക്കിലെടുത്ത് കേരളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്നും ഹരജിയില്‍ പറയുന്നു. കെഎസ്ആര്‍ടിസി തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ സിറ്റികളില്‍ വന്‍ തോതില്‍ ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ നിന്നുള്ള ജനങ്ങള്‍ക്ക് നഗര പ്രദേശങ്ങളിലേക്കെത്തുന്നതിനുള്ള ഗതാഗതമാര്‍ഗം ഇത്തരം സര്‍വീസുകളാണ്. ഇതിനാല്‍ പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ പൊതുജനത്തെ ഇതു ബാധിക്കും.
ട്രൈബ്യൂണലില്‍ ഹരജി നല്‍കിയ സംഘടന ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. തന്നെയുമല്ല ഇതുവരെയും കെഎസ്ആര്‍ടിസി മലിനീകരണം ഉണ്ടാക്കുന്നതായി ഒരു പരാതിയും നിലവിലില്ല. സമയാസമയങ്ങളില്‍ വാഹനങ്ങള്‍ പരിശോധന നടത്തുന്നുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് സര്‍വീസുകള്‍ നടത്തുന്നത്.
റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആക്ട്- 1950 അനുസരിച്ച് രൂപീകരിച്ച കെഎസ്ആര്‍ടിസിയില്‍ 6349 ബസ്സുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. ഇതില്‍ 1102 ബസ്സുകള്‍ 10 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ളവയാണ്. 211 എണ്ണം 11-12 വര്‍ഷവും 430 എണ്ണം 12-13 വര്‍ഷവും 54 എണ്ണം 13-14 വര്‍ഷവും 31 എണ്ണം 14-15 വര്‍ഷവും പഴക്കമുള്ളവയാണ്.
കൂടാതെ യാത്രാവാഹനങ്ങളല്ലാത്ത 117 എണ്ണത്തിനും 10 വര്‍ഷത്തിനു മുകളില്‍ പഴക്കമുണ്ട്. ഇത്രയും വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുന്ന പക്ഷം പൊതുജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ഈ സ്ഥാപനം വലിയ പ്രതിസന്ധിയിലാവുമെന്നും അതിനാല്‍ ട്രൈബ്യൂണല്‍ ഉത്തരവു റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it