ഡീസല്‍ വാഹന നിരോധനം: സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ

തിരുവനന്തപുരം: രാജ്യത്ത് മലിനീകരണ വിമുക്ത ഗതാഗതസംവിധാനം ഏര്‍പ്പെടുത്തുന്നതിന് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ കേന്ദ്രം നിയോഗിക്കുമെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെ അറിയിച്ചു. കേരളത്തിലെ ആറു നഗരങ്ങളില്‍ 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി ഗഡ്കരിയുമായി ചര്‍ച്ച നടത്തിയത്. ഇക്കാര്യത്തില്‍ കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്നും ഡീസല്‍വാഹന നിരോധനത്തിനെതിരേ കേന്ദ്രം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയതായും എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളവും സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കും. അല്ലെങ്കില്‍ കേന്ദ്ര സമിതിയോട് കേരളത്തിന്റെ സാഹചര്യങ്ങള്‍ പ്രത്യേകം പരിഗണിക്കാന്‍ ആവശ്യപ്പെടും. ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെങ്കിലും അതിന് ശ്വാശ്വത പരിഹാരം വേണം. ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പാക്കുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. വിധി കര്‍ശനമായി നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ 4000ത്തോളം ബസ്സുകള്‍ കട്ടപ്പുറത്താവും. ഇത് യാത്രാപ്രശ്‌നമുണ്ടാക്കും. ഈമാസം 23വരെയാണ് ഹരിത കോടതി ഇതിന് സമയം നല്‍കിയത്. ഈ സമയത്തിനകം ബദല്‍മാര്‍ഗങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ല. സിഎന്‍ജി ഉപയോഗിക്കുകയെന്ന നിര്‍ദേശം മുന്നിലുണ്ടെങ്കിലും അത് ഉടനടി നടപ്പാക്കല്‍ പ്രായോഗികമല്ല.
മലിനീകരണം ഒഴിവാക്കുന്നതിന് സിഎന്‍ജിക്ക് പുറമെ ബയോബാറ്ററി തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഇതു നടപ്പാക്കാന്‍ സമയം വേണം. ബദല്‍ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ഗഡ്കരി ഉപദേശിച്ചതായും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കും. അതേസമയം, ഭരണകാലത്തിന്റെ പകുതിക്കുവച്ച് എന്‍സിപി മന്ത്രിസ്ഥാനം വച്ചുമാറുമെന്ന വാര്‍ത്തകളില്‍ കാര്യമില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അതെസമയം ഭരണകാലത്തിന്റെ പകുതിക്കുവച്ച് എന്‍സിപി മന്ത്രിസ്ഥാനം വച്ചുമാറുമെന്ന വാര്‍ത്തകളില്‍ വലിയ കാര്യമില്ലെന്നു ഗതാഗതമന്ത്രി എന്‍ കെ ശശീന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ തന്നെ കാര്യങ്ങള്‍ കഴിഞ്ഞ ദിവസം നേരിട്ടു വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, തോമസ് ചാണ്ടിയുടെ അവകാശവാദം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെന്നും പ്രതികരിക്കാനില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. പാര്‍ട്ടി നിര്‍ദേശമനുസരിച്ചാണു മന്ത്രിയായത്. പാര്‍ട്ടി പറയുന്നതനുസരിച്ച് ഇനിയും മുന്നോട്ടു പോവും. തല്‍ക്കാലം ഇത്തരം കാര്യങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തി വിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it